murder-case

ലക്‌നൗ: ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിൽ അമ്പത്തഞ്ചുകാരനെ ഭാര്യയും മൂത്തമരുമകളും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇളയ മരുമകളുമായുള്ള മധ്യവയസ്‌കന്റെ അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്.


അമ്പത്തഞ്ചുകാരന് നാല് ആൺമക്കളാണ് ഉള്ളത്. ഇവരിൽ രണ്ടുപേർ വിവാഹിതരാണ്. ഇളയ മരുമകളുമായുള്ള ഇയാളുടെ ബന്ധം ഭാര്യ കണ്ടെത്തിയതോടെയാണ് വീട്ടിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. ഈ ബന്ധം ഭാര്യയും മൂത്ത മരുമകളും ശക്തമായി എതിർക്കുകയും, ദിവസങ്ങൾക്ക് മുമ്പ് ഇളയ മരുമകളെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.

പ്രകോപിതനായ അമ്പത്തഞ്ചുകാരൻ മൂത്തമരുമകളെ ഉപദ്രവിക്കുകയും, അവളെയും ഭാര്യയേയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കൂടാതെ നാല് ദിവസം മുമ്പ് ഇയാൾ ഇളയ മരുമകളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.


തുടർന്ന് ഇയാളുടെ ഭാര്യയും മൂത്ത മരുമകളും രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ഇളയ മരുമകൾ പൊലീസ് സ്റ്റേഷനിൽ പോയി വിവരമറിയിക്കുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ് കിടക്കുന്ന അമ്പത്തഞ്ചുകാരനെയാണ് പൊലീസെത്തിയപ്പോൾ കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.