congress

ജയ്‌പൂർ: രാജ്യത്ത് പലയിടത്തും തകർന്നടിഞ്ഞെങ്കിലും രാജസ്ഥാനിൽ ശക്തമായ സ്വാധീനമായി തുടരുകയാണ് കോൺഗ്രസ്. നഗര പ്രാദേശിക ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇത്തവണ മെച്ചപ്പെട്ട വിജയം നേടിയിരിക്കുകയാണ് കോൺഗ്രസ്. ആകെ 50 നഗര പ്രാദേശിക സമിതികളിലെ 1775 സീ‌റ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 620 സീ‌റ്റുകൾ നേടിയാണ് കോൺഗ്രസ് ഒന്നാമതെത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥികൾ 595 സീ‌റ്റുകളിൽ വിജയിച്ചു. ബിജെപിയ്‌ക്ക് ജയിക്കാനായത് 548 സീ‌റ്റുകളിലാണ്. സംസ്ഥാനത്തെ 12 ജില്ലകളിൽ ബഹുജൻ സമാജ് വാദി പാർട്ടി, സി.പി.എം, സി.പി.ഐ, രാഷ്‌ട്രീയ ലോക്‌തന്ത്ര് പാർട്ടി എന്നിവയും വിജയം കണ്ടു. ബി.എസ്.പി ഏഴ് സീ‌റ്റുകളിലും സി.പി.എമ്മും സിപിഐയും രണ്ട് സീ‌റ്റുകൾ വീതവുമാണ് വിജയിച്ചത്. ആർ.എൽ.പി ഒരു സീ‌റ്റിൽ വിജയിച്ചുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

14.32ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പിൽ 2622 പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ആകെ മത്സരിച്ചത് 7249 പേർ. ഈ മാസം 20നാണ് ചെയർമാൻ തിരഞ്ഞെടുപ്പ്. 21ന് വൈസ് ചെയർമാനെയും തിരഞ്ഞെടുക്കും.