p-krishnamoorthy

ചെന്നൈ: പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി (77 )അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55ഓളം സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു കൃഷ്ണമൂര്‍ത്തി.

കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.അഞ്ചു തവണ കേരള സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിന് പുറമെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 'സ്വാതിതിരുനാള്‍', 'വൈശാലി', 'ഒരു വടക്കന്‍ വീരഗാഥ', 'പെരുന്തച്ചന്‍', 'രാജശില്പി', 'പരിണയം', 'ഗസല്‍', 'കുലം' 'വചനം' 'ഒളിയമ്പുകള്‍' തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങള്‍ക്കു വേണ്ടിയും കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചിരുന്നു.


തഞ്ചാവൂരിനടുത്ത് പൂമ്പുഹാറില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് സ്വര്‍ണമെഡലോടെ വിജയിച്ചിരുന്നു. 1975-ല്‍ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് കലാസംവിധായകനാവുന്നത്. ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂര്‍ത്തിയുടെ മലയാളത്തിലേക്കുള്ള പ്രവേശനം. ജ്ഞാനരാജശേഖരന്‍ സംവിധാനംചെയ്ത 'രാമാനുജന്‍' എന്ന ചിത്രത്തിലാണ് കൃഷ്ണമൂര്‍ത്തി ഒടുവില്‍ പ്രവര്‍ത്തിച്ചത്.