bike

ചെന്നൈ: കാമുകിയുമായി ബന്ധം വേർപെടുത്താൻ മകൻ വിസമ്മതിച്ചതിൽ പ്രകോപിതനായ പിതാവ് ഏഴ് ബൈക്കുകൾക്ക് തീയിട്ടു. ചെന്നൈയിലെ ന്യൂ വാഷർമാൻപേട്ട് പ്രദേശത്താണ് സംഭവം. വാഷർമാൻപേട്ടിലെ അമ്പത്തിരണ്ടുകാരനായ ഓട്ടോ ഡ്രൈവർ കർണനാണ് സംഭവത്തിന് പിന്നിൽ. ഒക്ടോബർ 14നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോടതിയിൽ ഹാജരാക്കിയ കർണനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കർണന്റെ മകൻ അരുണും ഒരു പെൺകുട്ടിയും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധം കർണന് ഇഷ്‌ടമായിരുന്നില്ല. പെൺകുട്ടിയുമായുളള ബന്ധം അവസാനിപ്പിക്കാൻ ഇയാൾ അരുണിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മകൻ ഇക്കാര്യം ചെവികൊണ്ടിരുന്നില്ല.

താൻ വാങ്ങി നൽകിയ ബൈക്കിൽ മകൻ കാമുകിക്കൊപ്പം പോകുന്നത് കണ്ട കർണൻ പ്രകോപിതനായി. ഇതോടെ ഇയാൾ വാഹനം നശിപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 14ന് പെട്രോൾ ഉപയോഗിച്ച് ബൈക്ക് കത്തിച്ചു. തുടർന്ന് അരുണിന്റെ ബൈക്കിന് സമീപത്തുണ്ടായിരുന്ന മറ്റ് ഏഴ് മോട്ടോർസൈക്കിളുകൾക്ക് കൂടി തീയിട്ടു. തുടക്കത്തിൽ സി സി ടി വി ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സംഭവത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.

ഇതിനിടെ അരുണിന്റെ കാമുകി തനിക്ക് കർണനിൽ നിന്ന് ഭീഷണിയുളളതായി പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് ഒക്ടോബർ 14 മുതൽ ഒളിവിൽ പോയ കർണനെ കടലൂരിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ, ബൈക്കുകൾക്ക് തീയിട്ട കാര്യം ഇയാൾ സമ്മതിച്ചു.