chinese-communist-party

ലണ്ടൻ: വിദേശ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലേക്കും ബഹുരാഷ്ട്ര കമ്പനികളിലേക്കും നുഴഞ്ഞുകയറാന്‍ ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊവിഡ് വാക്സിൻ നിര്‍മ്മാതാവ് ഫൈസര്‍ ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സിപിസി) പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി.


ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വിട്ടത്. ചൈനീസ് വാണിജ്യ കേന്ദ്രമായ ഷാംഗ്ഹായിലെ യുകെ, യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ന്യൂസിലാന്റ്, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവയുടെ കോണ്‍സുലേറ്റുകളും ഇതിൽ ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാംഗ്ഹായ് ഫോറിന്‍ ഏജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് വഴിയാണ് ഈ നിയമനങ്ങള്‍ നടത്തിയത്.

റോള്‍സ് റോയ്സ്, എയര്‍ബസ്, എച്ച്.എസ്.ബി.സി, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നീ സ്ഥാപനങ്ങളില്‍ ചൈനീസ് പാര്‍ട്ടി അംഗങ്ങളുണ്ട്. ബോയിംഗ്, റോള്‍സ് റോയ്സ് എന്നിവ സൈനിക ഉപകരണങ്ങളും നിര്‍മിക്കുന്നവയാണ്. ഫൈസര്‍, അസ്ട്രസെനക്ക തുടങ്ങിയ മരുന്നു കമ്പനികളില്‍ നൂറു കണക്കിനു പാര്‍ട്ടി അംഗങ്ങളാണു ജോലി ചെയ്യുന്നത്. ഇവരുടെ ലക്ഷ്യം സാങ്കേതികവിദ്യാ മോഷണമാണെന്നാണ് ആരോപണം. യു.എസിലും ഓസ്ട്രേലിയയിലും ഇങ്ങനെ ജോലി ചെയ്ത ചിലരെങ്കിലും പിടിയിലായിട്ടുണ്ട്.

ലോകത്തിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ കടന്നുകയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമുള്ള 19.5 ലക്ഷം പേരുടെ വിവരമാണു ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകെ 9.2 കോടി അംഗങ്ങളാണുള്ളത്. ചൈനീസ് വിമതരാണു പാര്‍ട്ടി രഹസ്യം ചോര്‍ത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രവർത്തകർ വിവിധ അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കൾ തന്നെയാണ് സാമ്പത്തിക ഉപദേഷ്ടാക്കളുടെയും മറ്റ് സ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്നത്. കൊവിഡിനെ തുട‌ർന്നാണ് ഓസ്ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ശാസ്ത്രസംഘത്തിലേക്ക് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ ശക്തമായി വാദിച്ചിരുന്നു. ചൈന ഇത് വിവാദപരമായ അവകാശവാദമായി കണക്കാക്കുകയും നയതന്ത്രപരമായ നടപടികളിലേക്ക് തിരിയുകയും ചെയ്തു.