
ചരിത്രകാലഘട്ടങ്ങൾ പുനഃസൃഷ്ടിച്ച് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച കലാസംവിധായകനാണ് ഇന്നലെ അന്തരിച്ച പി. കൃഷ്ണമൂർത്തി.വൈശാലിയിലെ അംഗരാജ്യവും ചമ്പാപുരിയും ഒരു വടക്കൻ വീരഗാഥയിലെ പുത്തൂരം വീടും അരിങ്ങോടരുടെ തുളുനാടൻ കളരിയുമൊക്കെ ഇന്നും സിനിമാപ്രേമികളുടെ മനസിൽ ഹരിത ശോഭയാർന്ന് നില്ക്കുന്നതിന്റെ കാരണങ്ങളിലൊന്ന് പി. കൃഷ്ണമൂർത്തിയുടെ കലാസംവിധാന മികവാണ്.കലാസംവിധാനത്തിന് പുറമെ വസ്ത്രാലങ്കാരത്തിലും മികവ് തെളിയിച്ച പി. കൃഷ്ണമൂർത്തിയുടെ തുടക്കം ജി.വി. അയ്യർ സംവിധാനം ചെയ്ത് അനന്ത്‌നാഗ് നായകനായഭിനയിച്ച ഹംസഗീതി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു. പി. കൃഷ്ണമൂർത്തി കലാസംവിധാനം നിർവഹിച്ച ആദ്യ മലയാള ചിത്രമായ സ്വാതിതിരുനാളിലും കന്നഡ താരം അനന്ത് നാഗായിരുന്നു നായകൻ.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അമ്പത്തിയഞ്ചിൽപ്പരം ചിത്രങ്ങൾക്ക് വേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ചു.പെരുന്തച്ചൻ, രാജശില്പി, പരിണയം, ഗസൽ, കുലം എന്നിങ്ങനെ പതിനഞ്ചിലധികം മലയാള ചിത്രങ്ങൾക്ക് വേണ്ടി പി. കൃഷ്ണമൂർത്തി പ്രവർത്തിച്ചു.തഞ്ചാവൂരിനടുത്തെ പൂം പുഗാറാണ് ജന്മനാട്. മദ്രാസ് സ്കൂൾ ഒഫ് ആർട്സിൽ നിന്ന് സ്വർണ മെഡലോടെ വിജയിച്ച അദ്ദേഹത്തിന് 1987-ൽ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. ജ്ഞാനരാജശേഖരൻ സംവിധാനം ചെയ്ത രാമാനുജൻ എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രവർത്തിച്ചത്.കലാസംവിധാനത്തിന് മൂന്നും വസ്‌ത്രാലങ്കാരത്തിന് രണ്ടും തവണ ദേശീയ പുരസ്കാരം നേടിയ അദ്ദേഹത്തിന് അഞ്ച് തവണ കേരള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.