sc

ന്യൂഡൽഹി: ഓർത്തഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

1934ലെ ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കുമ്പസാര രഹസ്യത്തിന്റെ മറവിൽ വൈദികൾ വിശ്വാസികളെ പീഡിപ്പിക്കുന്നുവെന്നും, ഇതുമൂലമുള്ള മരണസംഖ്യ കൂടുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

കുമ്പസാരം നിർബന്ധമാക്കിയിരിക്കുന്നത് സഭയിലുള്ളവരെല്ലാം പതിവായി പാപം ചെയ്യുന്നവരാണെന്ന മുൻവിധിയോടെയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ സ്വകാര്യ വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നതും, പരസ്യപ്പെടുത്തുന്നതും വ്യക്തി സ്വാതന്ത്ര്യത്തിനും, ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും എതിരാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പുറമേ, ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ഉൾപ്പടെയുള്ളവരെയും ഹർജിയിൽ എതിർകക്ഷി ആക്കിയിട്ടുണ്ട്. ഓർത്തഡോക്‌സ് സഭാ അംഗങ്ങളായ മാത്യു ടി മാത്തച്ചൻ, സിവി ജോസ് എന്നിവരാണ് കോടതിയിൽ റിട്ട് ഹർജി നൽകിയത്. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖ്, അഭിഭാഷകൻ സനന്ദ് രാമകൃഷ്ണൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.