pakistan-china-

ഇസ്ളാമാബാദ് : ലഡാക്കിലടക്കം അതിർത്തി പ്രശ്നം സങ്കീർണമായിരിക്കവേ ചൈന ഇന്ത്യയുടെ ബന്ധശത്രുവായ പാകിസ്ഥാനുമായി വ്യോമാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുകയാണിപ്പോൾ. സിന്ധിലെ ഭോളാരിയിലെ പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫിന്റെ) പുത്തൻ എയർ ബേസിലാണ് ഷഹീൻ (കഴുകൻ) വ്യോമാഭ്യാസത്തിന്റെ ഒൻപതാം പതിപ്പിന് അരങ്ങേറ്റം കുറിച്ചത്. 50 യുദ്ധവിമാനങ്ങളോളം ഉൾക്കൊള്ളാനാവുന്ന എയർ ബേസാണിത്. എന്നാൽ പാക് - ചൈന വ്യോമാഭ്യാസത്തിൽ ശ്രദ്ധാ കേന്ദ്രമാകുമെന്ന് കരുതിയ ഒരു വിമാനം അഭ്യാസത്തിൽ പങ്കെടുക്കുന്നില്ല, അമേരിക്കൻ നിർമ്മിത എഫ് 16 യുദ്ധവിമാനമാണത്. പാകിസ്ഥാൻ അമേരിക്കയിൽ നിന്നും കരസ്ഥമാക്കിയ വിമാനത്തിന്റെ ശക്തി പരിശോധിക്കുക എന്നത് ചൈനയെ സംബന്ധിച്ചടത്തോളം അത്യാവശ്യമായിരുന്നു.

ചൈനയുടെ അയൽ രാജ്യങ്ങളായ തായ്‌വാൻ, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളുടെ വ്യോമസേനയുടെ കുന്തമുനയാണ് ഈ അമേരിക്കൻ വിമാനങ്ങൾ. ഇതിൽ തായ്‌‌വാനുമായി ചൈന വൈകാതെ യുദ്ധത്തിലേർപ്പെടാൻ സാദ്ധ്യതയുണ്ടെന്ന അഭ്യൂഹം ശക്തമാണ്.

അമേരിക്കയിൽ നിന്നും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായിട്ടാണ് പാകിസ്ഥാന് എഫ് 16 വിമാനങ്ങൾ അനുവദിച്ചത്. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് കരയും ആകാശവും ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കിയതിനുള്ള പ്രതിഫലമാണ് ഈ ഇടപാടെന്നും കരുതുന്നു. എന്നാൽ ഈ വിമാനങ്ങൾ കൈമാറിയപ്പോൾ നിരവധി നിയന്ത്രണങ്ങളും അമേരിക്ക മുന്നോട്ട് വച്ചിരുന്നു. മറ്റു രാജ്യങ്ങൾക്കെതിരെ പ്രകോപനം സൃഷ്ടിക്കുവാൻ ഉപയോഗിക്കരുത് എന്നതാണ് ഇതിൽ പ്രധാനം. ബലാകോട്ടിൽ ഇന്ത്യൻ ബോംബിംഗിന് മറുപടി നൽകാൻ പക്ഷേ പാകിസ്ഥാൻ എഫ് 16 ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന് വീഴുകയായിരുന്നു. എന്നാൽ ഇത് പരസ്യമായി സമ്മതിക്കാൻ പാകിസ്ഥാൻ മടിച്ചത് അമേരിക്കയുടെ കോപം ഭയന്നാണ്. (അതേ സമയം ഇന്ത്യയുടെ മിഗ് 21 ബൈസണിന്റെ ആക്രമണത്തിൽ തങ്ങൾ നിർമ്മിച്ച വിമാനം തകർന്നുവെന്നത് പുറത്ത് വരാൻ അമേരിക്കയും ആഗ്രഹിക്കുന്നില്ല).

സിന്ധിലെ ഭോളാരി എഫ് 16 വിമാനം സൂക്ഷിക്കുന്ന പാകിസ്ഥാന്റെ മൂന്നാമത്തെ ബേയ്സാണ് എന്നതും ശ്രദ്ധേയമാണ്. എഫ് 16 ഉപയോഗിക്കാനാവാത്തതോടെ ചൈന പാക് വ്യോമാഭ്യാസം വെറും ചടങ്ങ് മാത്രമായി മാറും, കാരണം പാകിസ്ഥാൻ ഇപ്പോൾ ഉപയോഗിക്കുന്ന മിക്ക പുതുതലമുറ വിമാനങ്ങളും ചൈനീസ് നിർമ്മിതമാണ്. പിഎഎഫ് ജെഎഫ് 17, മിറാഷ് 3, ജെ 10, ജെ 11 എന്നീ വിമാനങ്ങളാണ് ഇരു രാജ്യങ്ങളുടേതുമായി നിലവിൽ അഭ്യാസത്തിൽ പങ്കാളികളാവുന്നത്. ഇതിൽ ജെ 10 എന്ന ചൈനീസ് യുദ്ധവിമാനം അമേരിക്കൻ എഫ് 16ൻെറ തനി പകർപ്പാണെന്നത് മറ്റൊരു കാര്യം.


അമേരിക്ക പാകിസ്ഥാനുമായി ഉണ്ടാക്കിയ കരാർ തെറ്റിക്കുകയാണെങ്കിൽ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്ന പ്രവൃത്തികളിൽ നിന്നും ആയുധങ്ങൾ അപ്‌ഗ്രേഡ് ചെയ്യുന്നതിൽ നിന്നും ആ രാജ്യത്തിന് ഏകപക്ഷീയമായി പിൻവാങ്ങാൻ കഴിയും. പാകിസ്ഥാൻ ആണവായുധ പരീക്ഷണം നടത്തിയ ഘട്ടത്തിൽ 1980 കളുടെ തുടക്കത്തിൽ വാങ്ങിയ 32 എഫ് 16 വിമാനങ്ങളുടെ നവീകരണപ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. 2001 ലെ 9/11 ഭീകരാക്രമണത്തെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് പിന്നീട് അമേരിക്ക പാകിസ്ഥാനുമായി അടുക്കാൻ കാരണമായി തീർന്നത്.