
വാഷിംഗ്ടൺ: അടുത്ത നാല് മുതൽ ആറ് മാസം വരെ കൊറോണ വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായ അവസ്ഥയിലായിരിക്കുമെന്ന് മൈക്രോസോഫ്റ്റിന്റേയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെയും സഹചെയർയുമായ ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി. ഐ.എച്ച്.എം.ഇ (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ) ന്റെ കണക്കനുസരിച്ച് 200,000ലധികം മരണങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ ഇതിൽ വലിയൊരു ശതമാനം മരണങ്ങൾ ഒഴിവാക്കാനാകും. ഗേറ്റ്സ് പറഞ്ഞു.“ഇത് കൈകാര്യം ചെയ്യുന്നതിൽ യുഎസിന്റെ ഭാഗത്ത് നിന്ന് കുറച്ചു കൂടി മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിച്ചിരുന്നു. 2015 ൽ താൻ ഇത്തരം ഒരു മഹാമാരിയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ നടത്തിയ പ്രവചനത്തേക്കാൾ വളരെ കൂടുതലാണ് യു.എസിലെയും ലോകമെമ്പാടുമുള്ള സാമ്പത്തിക ആഘാതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് വാക്സിൻ ലഭ്യമായാൽ മാത്രമേ ജീവിതം സാധാരണ നിലയിലാകുകയുള്ളൂവെന്ന് ഒക്ടോബറിൽ ഗേറ്റ്സ് പറഞ്ഞിരുന്നു. വാക്സിനുകൾക്കായി തന്റെ ഫൗണ്ടേഷൻ ധാരാളം ഗവേഷണങ്ങൾക്ക് ധനസഹായം നൽകുന്നുണ്ടെന്ന് ഗേറ്റ്സ് പറഞ്ഞു. കൊവിഡ് ബാധിച്ച് ഇതുവരെ യു.എസിൽ 290,000 ൽ അധികം പേർ മരിച്ചു. മറ്റ് രാജ്യങ്ങളിലെ ആളുകൾക്ക് മുൻപ് അമേരിക്കക്കാർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിന് മുൻഗണന നൽകുന്ന ട്രംപിന്റെ ഉത്തരവിനെപ്പറ്റി ആരാഞ്ഞപ്പോൾ അമേരിക്ക എല്ലാവരേയും സഹായിക്കേണ്ടതുണ്ടെന്ന മറുപടിയാണ് ഗേറ്റ്സ് നൽകിയത്. കൊറോണ വ്യാപനം തടയാൻ രാജ്യത്തെ ബാറുകളും റെസ്റ്റോറന്റുകളും അടച്ചിട്ട്ത് ഉചിതമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.