
ദശലക്ഷക്കണക്കിന് മനുഷ്യരെ ഇല്ലായ്‌മ ചെയ്‌ത, ലോകം മുഴുവൻ വിറപ്പിച്ച ഹിറ്റ്ലർക്ക് ഒരു ജീവിയോട് വലിയ സ്‌നേഹമായിരുന്നു. തന്റെ ഓമനമൃഗമായ സാറ്റേണായിരുന്നു അത്. ഒരു മുതലയായിരുന്നു സാറ്റേൺ. ലോകമഹായുദ്ധമൊക്കെ കൊടുമ്പിരി കൊളളുമ്പോൾ ഹിറ്റ്ലർ ഓമനിച്ചു വളർത്തിയ മുതലയാണ് ഇവൻ. കഴിഞ്ഞ മേയ് മാസത്തിൽ 84 വയസുകാരനായ സാറ്റേൺ വാർദ്ധക്യ കാല രോഗത്താൽ മോസ്‌കോ മൃഗശാലയിൽ മരണമടഞ്ഞു. സാധാരണഗതിയിൽ 30 മുതൽ 50 വരെയാണ് മുതലകളുടെ ആയുസ്.
ചരിത്രപ്രസിദ്ധനായൊരു വ്യക്തിയുടെ മുതല എന്ന നിലയ്‌ക്ക് തലമുറകളോളം ജനങ്ങൾ ഇവനെ കാണട്ടെയെന്ന് മോസ്‌കോയിലെ ഡാർവിൻ മൃഗശാല അധികൃതർ തീരുമാനിച്ചു. അവർ അവനെ സ്‌റ്റഫ് ചെയ്‌ത് തയ്യാറാക്കി റഷ്യൻ മ്യൂസിയത്തിൽ എത്തിച്ചിരിക്കുകയാണ്. കൊവിഡ് കാലം ചതിക്കില്ലെങ്കിൽ ജനുവരി മാസം മുതൽ തന്നെ സന്ദർശകർക്ക് സാറ്റേണിനെ കാണാം.
1945ൽ ഹിറ്റ്ലർ ആത്മഹത്യ ചെയ്‌തതിന് പിന്നാലെ അദ്ദേഹത്തിന്റെ താമസസ്ഥലം തകർക്കപ്പെട്ടു. ഇതിനിടെ രക്ഷപ്പെട്ട സാറ്റേൺ 1946ൽ ബ്രിട്ടീഷ് സൈനികരുടെ കൈയിലെത്തി. അവർ അവനെ റഷ്യയിലെ മോസ്‌കോ മൃഗശാലയിലെത്തിച്ചു. ശേഷിച്ച 74 കൊല്ലവും സാറ്റേൺ അവിടെ ജീവിച്ചു. 1936ൽ അമേരിക്കയിലെ മിസിസിപ്പിയിലാണ് സാറ്റേൺ ജനിച്ചത്. തുടർന്ന് അതേവർഷം ജർമ്മനിയിലെ ബെർലിൻ മൃഗശാലയ്‌ക്ക് അവനെ കൈമാറി.ഹിറ്റ്ലർക്ക് സ്വന്തമായുണ്ടായിരുന്ന ഇഷ്‌ട മൃഗങ്ങളുടെ കൂട്ടത്തിൽ സാറ്റേണുമുണ്ടായിരുന്നു. ലോകമഹായുദ്ധ കാലത്ത് രക്ഷപെടും മുൻപ് ദിവസങ്ങളോളം ബെർലിനിലെ കനാലുകളിലും ഓടകളിലും സാറ്റേൺ താമസിച്ചതായാണ് കരുതുന്നത്.