local-body-election

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്. വോട്ടെടുപ്പ് പത്ത് മണിക്കൂർ പിന്നിടുമ്പോൾ പോളിം​ഗ് ശതമാനം എഴുപത്തിയഞ്ച് കടന്നു. വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും 70 ശതമാനത്തിന് മേലെയാണ് പോളിംഗ്. കണ്ണൂരും മലപ്പുറത്തുമാണ് ഏറ്റവും കൂടുതൽ പോളിംഗ്.

മൂന്നാംഘട്ടത്തിൽ നഗരസഭകളിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂർ ജില്ലയിലെ ആന്തൂരിൽ ആണ്. ഇവിടെ ഇതിനോടകം തന്നെ പോളിം​ഗ് ശതമാനം എൺപതിന് മുകളിലെത്തി. അതിരാവിലെ മുതൽ തന്നെ വലിയ ആൾത്തിരക്കാണ് ആവിടത്തെ എല്ലാ ബൂത്തിന് മുന്നിലും ദൃശ്യമായത്. ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു.

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എല്ലാ തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുളളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രമുണ്ട്. 22 ഡിവിഷനിലാണ് വോട്ടിംഗ് നടക്കുന്നത്. ആകെ ഡിവിഷനിൽ ആറിടത്ത് എൽ ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. നഗരസഭയിലെ 28 ഡിവിഷനിൽ അയ്യങ്കോൽ ഡിവിഷനിൽ മാത്രമാണ് രാഷ്ട്രീയ മത്സരം നടക്കുന്നത്. ഇവിടെ ലീഗ് സ്ഥാനാർത്ഥി മത്സര രംഗത്തുണ്ട്. 15 സീറ്റിൽ ബി ജെ പി മത്സരിക്കുന്നുണ്ട്.

അതേസമയം, പോളിംഗിനിടെ മലപ്പുറം ജില്ലയിൽ രണ്ടിടത്ത് സംഘർഷം ഉണ്ടായി. എൽ എഡി എഫ്- യു ഡി എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ യു ഡി എഫിൽ വനിതാ സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കോടഞ്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബി ജെ പി സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരിൽ വോട്ട് ചെയ്‌ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു.

താനൂർ നഗരസഭയിലെ പതിനാറാം വാർഡിലും യു ഡി എഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം. കണ്ണൂർ പരിയാരം പഞ്ചായത്തിലെ മാവിശേരിയിൽ ബൂത്ത് ഏജന്റിനെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി ഉയർന്നു. കോൺഗ്രസിന്റെ ബൂത്ത് ഏജന്റ് നിസാറിനാണ് പരിക്കേറ്റത്. കോഴിക്കോട് ബേപ്പൂർ ഹാർബർ ബൂത്തിൽ വോട്ട് ചെയ്‌ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. ബേപ്പൂർ സ്വദേശി ദേവിയാണ് മരിച്ചത്.

കോഴിക്കോട് പയ്യാനയ്ക്കലിൽ വോട്ട്ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് നിഷേധിച്ചതായി പരാതിയുണ്ടായി. കൊവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസർ വോട്ട് നിഷേധിച്ചെന്ന് പയ്യാനക്കൽ സ്വദേശി അർഷാദ് പരാതിപ്പെട്ടു. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ വോട്ട് മാറി ചെയ്തതായി പരാതി ഉയർന്നു. കണ്ണൻവയൽ പടന്നക്കണ്ടി ഈസ്റ്റ് എൽ പി സ്‌കൂളിലാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിൽ പ്രേമൻ എന്നയാൾ വോട്ടു ചെയ്തു. പ്രേമദാസന് പ്രിസൈഡിംഗ് ഓഫീസർ ചലഞ്ച് വോട്ട് ചെയ്യാൻ അവസരം നൽകി.

വിവിധ ജില്ലകളിലായി ചിലയിടങ്ങളിൽ വോട്ട് യന്ത്രം തകരാറിലായത് പോളിംഗിനെ ബാധിച്ചു. ഇവിടങ്ങിളിൽ യന്ത്രതകരാർ പരിഹരിച്ച് പോളിംഗ് വീണ്ടും തുടങ്ങി. വോട്ടെടുപ്പ് തുടങ്ങിയതു മുതൽ മിക്കയിടത്തും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാൻ അടയാളങ്ങൾ ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും അത് പാളി.