
ചെന്നൈ: അഞ്ച് തവണ ദേശീയ പുരസ്കാരം നേടിയ പ്രശസ്ത കലാസംവിധായകൻ പി.കൃഷ്ണമൂർത്തി (77) അന്തരിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55 ഓളം സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയുമാണ് ദേശീയ പുരസ്കാരം ലഭിച്ചത്.
കൂടാതെ, അഞ്ചു തവണ കേരള സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും കലൈമാമണി പുരസ്‌കാരവും ലഭിച്ചു.
സ്വാതിതിരുനാളാണ് മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടർന്ന്, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, രാജശില്‍പി, പരിണയം, ഗസൽ, കുലം, വചനം, ഒളിയമ്പുകൾ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളുടെ ഭാഗമായി.
തഞ്ചാവൂരിനടുത്ത് പൂമ്പുഹാറിൽ ജനിച്ച കൃഷ്ണമൂർത്തി 1975ൽ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് സിനിമ പ്രവേശനം നടത്തുന്നത്. മദ്രാസ് സ്‌കൂൾ ഒഫ് ആർട്‌സിൽ നിന്ന് സ്വർണമെഡലോടെയാണ് വിജയിച്ചത്.