kamal-and-owaisi

ചെന്നൈ: അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ

(എ.ഐ.എം.ഐ.എം) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചലച്ചിത്രതാരം കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി സഖ്യമുണ്ടാക്കി എ.ഐ.എം.ഐ.എം. മത്സരത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട്.

കമലിന്റെ നിലപാടുകളോട് അനുകൂലമായാണ് ഒവൈസി പ്രതികരിച്ചിരുന്നത്.മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ ഭീകരനെന്ന് വിളിക്കണമെന്ന കമലിന്റെ പ്രസ്താവനയെ ഒവൈസി പിന്തുണച്ചിരുന്നു.

25-ാളം സീറ്റുകളിലായിരിക്കും എ.ഐ.എം.ഐ.എം. മത്സരിക്കുകയെന്ന് ഒവൈസിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായി ജനുവരിയിൽ ട്രിച്ചിയിലും ചെന്നൈയിലും പാർട്ടി കോൺഫറൻസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പാർട്ടി ഭാരവാഹികളുമായി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ ഇന്നലെ ഒവൈസി ചർച്ച നടത്തിയിരുന്നു.

2011ലെ സെൻസസ് പ്രകാരം തമിഴ്നാട്ടിലെ ആകെ ജനസംഖ്യയുടെ 5.86 ശതമാനം മുസ്ലീങ്ങളാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ മുസ്ലീം പാർട്ടികളുണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടു ദ്രാവിഡ സഖ്യങ്ങളിലായി അവ വിഭജിക്കപ്പെട്ടിരിക്കുകയാണ്. എല്ലാ മുസ്ലീംപാർട്ടികളെയും ഒന്നിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഒവൈസിയുടെ തീരുമാനമെന്നും നാം തമിഴർ ഉൾപ്പടെയുളള പാർട്ടികളുമായും സഖ്യത്തിലേർപ്പെട്ടേക്കമെന്നും റിപ്പോർട്ടുണ്ട്. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ചുനിയോജകമണ്ഡലങ്ങളിൽ എ.ഐ.എം.ഐ.എം വിജയിച്ചിരുന്നു.