k-p-appan

ഗുരുനാഥന്മാരായ പ്രൊഫ.കല്ലട രാമചന്ദ്രൻ, പ്രൊഫ.പി.ഒ. പുരുഷോത്തമൻ, പ്രൊഫ. കെ.പി. അപ്പൻ, മുതിർന്ന കവി സുഹൃത്തുക്കളായ എ.അയ്യപ്പൻ, ഡി.വിനയചന്ദ്രൻ, വിശേഷണങ്ങൾക്ക് അതീതരായ എൻ.എൻ.പിള്ള, കാക്കനാടൻ,ടി.എൻ.ഗോപിനാഥൻനായർ,പുനത്തിൽ കുഞ്ഞബ്ദുള്ള, ഉറ്റ സുഹൃത്തുക്കളായിരുന്ന അശോകൻ,ബാബു,എ.ആർ.ഷാജി തുടങ്ങിയവരുടെ വിയോഗങ്ങൾ ഈ ലേഖകനിൽ ഉളവാക്കിയ ശൂന്യത വാക്കുകൾക്കതീതമാണ്. മരണത്തെ കോമാളിയായും പിശാചായും സൗന്ദര്യമായും അസമയത്ത് കയറിവരുന്ന അതിഥിയായുമൊക്കെ എഴുത്തുകാർ ആവിഷ്കരിച്ചിട്ടുണ്ട്. വിമർശനകലയിലെ മഹാകവിയായ കെ.പി.അപ്പൻ നിത്യതയിലേക്ക് മടങ്ങിപ്പോയിട്ട് ഡിസംബർ 15ന് 12 വർഷമായി.

മരണത്തെ 'അത് ' എന്നു വിളിച്ചത് ലിയോടോൾസ്റ്റോയി ആണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് എസ്. ഭാസുരചന്ദ്രൻ എഴുതിയത് ഓർമ്മവരുന്നു- 'മരണത്തിന്റെ സൗന്ദര്യം എന്നെഴുതിയ കെ.പി.അപ്പന്റെ വീട്ടിലേക്കും ഒടുവിൽ 'അത് ' വന്നെത്തി,'. മരണത്തിന്റെ സൗന്ദര്യലോകത്തേക്കാണ് കെ.പി. അപ്പന്റെ സാഹിത്യകാമന പലപ്പോഴും സഞ്ചരിച്ചിട്ടുള്ളത്. ഇടപ്പള്ളിയുടെയും രാജലക്ഷ്മിയുടെയും വി.പി.ശിവകുമാറിന്റെയുമെല്ലാം അകാലമരണത്തെക്കുറിച്ച് പറയുമ്പോൾ മരണത്തിന്റെ ഈ വശ്യകാമനയെ കെ.പി.അപ്പൻ തഴുകുന്നത് കാണാം.

'വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവയ്‌ക്കാൻ അറിഞ്ഞുകൂടാത്തതു കൊണ്ടാണ് ഞാൻ എഴുതുന്നത്.'എന്ന് കെ.പി.അപ്പൻ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തുവിനെയും യേശുദേവന്റെ മാതാവായ മറിയത്തെയും ശ്രീനാരായണഗുരുവിനെയും കുറിച്ചെല്ലാം അഗാധമായി ചിന്തിക്കാനും തിരമാലയുടെ തൂലികകൊണ്ട് ആ ചിന്തകളെ എഴുത്താക്കാനും കെ.പി.അപ്പന് കഴിഞ്ഞത് അതുകൊണ്ടാണ്.

വീട്ടിൽനിന്ന് അധികം പുറത്തുപോകാതിരുന്ന കെ.പി.അപ്പൻ വ്യക്തിബന്ധങ്ങൾ എന്നും ഊഷ്മളശോഭയോടെ പരിപാലിച്ചിരുന്നു. എല്ലാവരും അദ്ദേഹത്തെ കാണാൻ മുണ്ടയ്ക്കലെ അശ്വതിയിലേക്ക് എത്തുകയായിരുന്നു പതിവ്. നേരിട്ടായാലും ഫോണിലൂടെ ആയാലും ചിരിയും ചിന്തയും സമ്മേളിക്കുന്ന ഒത്തുചേരലാവും അത്.

ഒരു ദിവസം സുകുമാർ അഴീക്കോട് ഫോണിൽ കെ.പി. അപ്പനെ വിളിച്ചു സംസാരിക്കുന്നതിനിടയിൽ പറഞ്ഞു: 'നമ്മുടെ ശ്രീരാമൻ കുറച്ച് ഇഡ്ഡലി രാവിലെ കൊണ്ടുവന്നു. നല്ല ഇഡ്ഡലി' പൊടുന്നനെ വന്നു മറുപടി: 'എന്താ മാഷേ, ഈ കേൾക്കുന്നത്? ത്രേതായുഗത്തിൽനിന്ന് ഇഡ്ഡലിയോ!' ചിരിപ്പിക്കുമെങ്കിലും ചിരിക്കുന്നതിൽ പിശുക്കനായ അഴീക്കോട് റിസീവർ ഉയർത്തിപ്പിടിച്ച് പൊട്ടിച്ചിരിച്ചു. നടനും എഴുത്തുകാരനുമായ ശ്രീരാമൻ ഇഡ്ഡലിയുമായെത്തിയ കാര്യമാണ് അഴീക്കോട് പറഞ്ഞത്. എന്റെ രണ്ടാമത്തെ കവിതാസമാഹാരമായ നാട്യശാലയ്ക്ക് അവതാരിക എഴുതാനായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പക്കലെത്തിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു പ്രഭാതത്തിൽ അദ്ദേഹം വിളിച്ചു പറഞ്ഞു: ''അവതാരിക എഴുതി. ഇന്നലെ രാത്രി അപ്പൻസാറിനെ വായിച്ചുകേൾപ്പിച്ചു. സാറിന് ഇഷ്ടമായി." അത്ര അടുപ്പമുണ്ടായിരുന്നു അവർ തമ്മിൽ.

ചെറുതും വലുതുമായ പല സംശയങ്ങളുമായി ഒരുപാട് ദിവസങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഒരു ദിവസം സംസാരിച്ചിരിക്കുമ്പോൾ സാഹിത്യരംഗത്തെ ഒരാളെക്കുറിച്ച് കല്ലട രാമചന്ദ്രൻ സാർ പറഞ്ഞ നെഗറ്റീവ് ഡയലോഗ് സൂചിപ്പിച്ചു. പൊടുന്നനെ പൊട്ടിച്ചിരിച്ചുകൊണ്ട് അപ്പൻസാർ പറഞ്ഞു: 'കല്ലട പാവമാണ്. എപ്പോഴും ഒരു ശത്രുവിനെ വേണം. മറ്റൊരു ശത്രുവിനെക്കിട്ടുമ്പോൾ ഈ ഇരയെ വിട്ടുകൊള്ളും.' കൊല്ലം എസ്.എൻ.കോളേജിൽ ഡിഗ്രിക്കു പഠിക്കവേ മാതൃഭൂമിയുടെ പ്രാദേശികലേഖകനായി ജോലിചെയ്യാനുള്ള എഴുത്തുപരീക്ഷ ജയിച്ച് അപ്പൻസാറിനെ കാണാൻ ചെന്നു. അദ്ദേഹം പറഞ്ഞു :'തത്‌കാലത്തേക്കു കൊള്ളാം. പത്രഭാഷ മറ്റൊന്നാണ്. ഗതാഗതതടസത്തിന് എന്താ പറയുക?' ആകാംക്ഷയോടെ മുഖത്തേക്കു നോക്കവേ അപ്പൻസാ‌ർ പറഞ്ഞു: 'ഗതാഗതക്കുരുക്ക്.' അങ്ങനെ കുറേ ഉദാഹരണങ്ങൾ അന്ന് പറഞ്ഞുതന്നു. പിന്നീടൊരിക്കൽ കേരളകൗമുദി വീക്കെൻഡ് മാഗസിനുവേണ്ടി എസ്.ഭാസുരചന്ദ്രൻ ഏല്‌പ്പിച്ച ഒരു ഫീച്ചർ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചെന്നു. സാറിനെ കാണാൻ മുൻകൂട്ടി അനുവാദം വാങ്ങേണ്ടകാര്യം ഉണ്ടായിരുന്നില്ല. ഗേറ്റ് തുറന്ന് കോളിംഗ് ബെല്ലടിച്ചാൽ മുകളിലത്തെ നിലയിൽനിന്ന് ഇറങ്ങി നിറചിരിയോടെ വാതിൽ തുറക്കും. ആമുഖമില്ലാതെ സംസാരിച്ചുതുടങ്ങും. പ്രഭാതസൂര്യന്റെ ഊർജ്ജം പ്രസരിക്കുന്ന സാന്നിദ്ധ്യമാണത്. പ്രശസ്തരുടെ ഭാര്യമാർ ഓണത്തെക്കുറിച്ച് പറയുന്നതായിരുന്നു ഫീച്ചർ. കാക്കനാടന്റെയും വൈക്കം ചന്ദ്രശേഖരൻനായരുടെയും വീട്ടിൽ പോയിട്ടാണ് അവിടെയെത്തിയത്. വിഷയം പറഞ്ഞപ്പോൾ അപ്പൻ സാ‌ർ പറഞ്ഞു: 'അതുവേണ്ട, സാഹിത്യം എന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ അവരെയൊന്നും കൂട്ടിക്കുഴയ്‌ക്കേണ്ട.' കേട്ടപ്പോൾ തെല്ലല്ലാത്ത നിരാശ തോന്നിയെങ്കിലും സാഹിത്യത്തെയും പത്രപ്രവർത്തനത്തെയും സംബന്ധിക്കുന്ന വലിയൊരു പാഠമായിരുന്നു എനിക്കത്.

പി.പത്മരാജനെക്കുറിച്ച് എഴുതിയപ്പോൾ കെ.പി.അപ്പൻ പറഞ്ഞപോലെ 'ഉന്മാദത്തിന്റെ സത്യദർശനം' ആയിരുന്നു അദ്ദേഹത്തിന് വായനയും വിമർശനകലയും. കാഴ്ചയിൽ അതീവ ശാന്തനും പ്രസാദാത്മകനുമായ കെ.പി.അപ്പൻ എഴുത്തിന്റെ ലോകത്ത് പലപ്പോഴും വ്യാഘ്രോചിതമായ ഭാവനകൾ പ്രകടിപ്പിക്കുന്നതുകാണാം. സിംഹപരാക്രമികളായ സുകുമാർ അഴീക്കോടിനെയും എം.കൃഷ്‌ണൻനായരെയുമെല്ലാം എടുത്തുടുക്കുന്ന ഭാഷാകൗശലം നമ്മൾ കണ്ടതാണ്.

ചിരിയും ചിന്തയും ഒരുപോലെ വിളയാടുന്ന സരസ്വതിയാണ് കെ.പി. അപ്പന്റെ വിമർശനകലയെ പ്രണയഭരിതമാക്കുന്നത്. ആ ശൈലിയെ ഇഷ്ടപ്പെടുന്നവരേക്കാൾ പ്രണയിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നവരാണ് ഏറെയും. ഒരു 'അപ്പൻ സ്‌കൂൾ' തന്നെ ആ നിലയിൽ രൂപപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ ബുദ്ധിജീവികളിൽ എം.എൻ. വിജയൻ ചെലുത്തിയ തടവറ സമാനമായ സ്വാധീനം ഒരു വിഭാഗം സ്വതന്ത്ര ബുദ്ധിജീവികളിൽ കെ.പി. അപ്പനും സൃഷ്ടിച്ചിട്ടുണ്ട്. മലയാള വിമർശനത്തിൽ ചിലർ ആ തടവറയിൽ നിന്ന് മുക്തരാകാനാവാതെ വലയുന്നത് ഇപ്പോഴും കാണാം. ഹാസ്യരസ പ്രധാനമാണ് പലപ്പോഴും കെ.പി.അപ്പന്റെ ഭാഷാസരസ്വതി. നിബിഡവനകാന്തിയാർന്ന ആ ഭാഷാനദിയുടെ കുത്തൊഴുക്കിൽ ഹാസ്യരസത്തിന്റെ ചിരിക്കുന്ന മുഖം പലപ്പോഴും മറഞ്ഞിരിക്കുന്നു. സ്വകാര്യസന്ദർഭങ്ങളിൽ ആ മുഖം നിലാവുപോലെ പുഞ്ചിരിക്കും. എം.എൻ. വിജയനെക്കുറിച്ച് സംസാരിക്കവേ ഒരു ദിവസം അപ്പൻസാർ പറഞ്ഞു: 'സന്ധ്യയ്ക്ക് വിളക്കുകത്തിച്ചാൽ വിജയൻ മാഷിന് പ്രസംഗിക്കണം. അല്ലാതെ ഉറക്കംവരില്ല.' അഴീക്കോട് മാഷിനുമുണ്ട് ഈ പ്രശ്നം അല്ലേ എന്ന എന്റെ ചോദ്യംകേട്ട് അപ്പൻസാർ ചിരിച്ചചിരിക്ക് ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു. അതിൽ അല്പംപോലും ബഹുമാനക്കുറവുണ്ടായിരുന്നുമില്ല. തകഴിയും ദേവുമെല്ലാം ഉൾക്കൊള്ളുന്ന തലമുറയുടെ എഴുത്തിനെ നിർദ്ദയം കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രസംഗവേദികളിൽ കെ.പി.അപ്പന്റെ വരവ്. പ്രസംഗവേദികളോട് ചെറുപ്പത്തിൽത്തന്നെ അദ്ദേഹം പൂർണമായും വിടപറയുകയും ചെയ്തു. കണിശമായ എഴുത്തിന് പ്രസംഗവേദികൾ തടസമാണെന്നുതന്നെ അദ്ദേഹം കരുതിയിരുന്നു. അവാർ‌ഡുകളോടും ജീവിതകാലം മുഴുവൻ അതേ വിമുഖത പുലർത്തി.

പുല്ലിനും മണൽത്തരികൾക്കും നോവാതെ നടന്നുവരുന്ന അപ്പൻസാറിന്റെ രൂപം ഒരിക്കലും മാഞ്ഞുപോകില്ല. എഴുത്തിനൊപ്പം ആ രൂപവും പ്രകാശിച്ചുനില്ക്കും. അപ്പൻസാർ സ്റ്റാഫ് റൂമിൽനിന്നിറങ്ങുമ്പോൾത്തന്നെ ക്ലാസ് മുറി നിശ്ശബ്ദമാകും. വെയിലിനെ ഇളംകാറ്റുകൊണ്ടെന്നപോലെ ആ ശബ്ദം ക്ലാസുമുറിയെ ഹൃദ്യമാക്കും. അല്പം ഉച്ചത്തിൽ തുടങ്ങി ഏറ്റവും താഴ്ന്ന, ചിലപ്പോൾ നിശ്ശബ്ദതയെ വെല്ലുന്ന സ്വരത്തിൽ അവസാനിക്കുന്നതാണ് വാചകങ്ങൾ. വീണക്കമ്പിയിൽ ഒന്നു മുട്ടിനിറുത്തും പോലെയാണ് ഓരോ വാചകങ്ങളും പൂർണമാകുന്നത്. അത്രയും കാതോർത്തിരുന്നാലേ എന്താ പറഞ്ഞതെന്ന് വ്യക്തമാവുകയുള്ളൂ. തെളിഞ്ഞ ജലാശയത്തിൽ സൂര്യകാന്തിപ്പൂക്കൾ നുള്ളി എറിയുംപോലെ കുട്ടികളായ ഞങ്ങളുടെ മനസ് ഓരോ വാക്കിലും ഓളംവെട്ടും. ഈ പ്രപഞ്ചത്തിലെ സംഗീതം അനന്തകോടി പാട്ടുകളിലല്ല, സാഹിത്യത്തിലാണ്, അഥവാ കവിതയിലാണ് അതീവ രഹസ്യമായി ശേഖരിച്ചുസൂക്ഷിക്കുന്നതെന്ന് തിരിച്ചറിയുകയായിരുന്നു അപ്പോൾ. ഗണിതശാസ്ത്രം ഉപേക്ഷിച്ച് ബി.എ മലയാളം വിദ്യാർത്ഥിയായതിന്റെ സുഖംകൂടിയുണ്ടായിരുന്നു അതിന്. ഏറ്റവും പ്രധാനപ്പെട്ട വിപ്ലവം ശാസ്ത്രജ്ഞന്റെ പരീക്ഷണശാലയിലും കലാകാരന്റെ ശില്പശാലയിലുമാണ് നടക്കുന്നതെന്ന് യോനെസ്കോ പറഞ്ഞിട്ടുണ്ടെന്ന് അപ്പൻസാർ ഓർമ്മിപ്പിച്ചതും അപ്പോൾ ഞാൻ കേട്ടു.