school

നൈജീരിയ: നൈജീരിയയിലെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടികളെ രക്ഷപെടുത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്ത്. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ കട്സിന സംസ്ഥാനത്തെ ഓൾ- ബോയ്സ് ഗവൺമെന്റ് സയൻസ് സെക്കൻഡറി സ്കൂളിൽ നിന്ന് നാണൂറോളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയത്. അക്രമിസംഘവും പൊലീസും തമ്മിൽ അരമണിക്കൂറോളം ഏറ്റുമിട്ടിയതായാണ് വിവരം. സ്കൂളിൽ അക്രമണം നടക്കുമ്പോൾ എണ്ണൂറോളം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. 336 കുട്ടികളെ കാണാതായെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം തട്ടിക്കൊണ്ടു പോയ കുട്ടികളുടെ കൃത്യം എണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി ശ്രമം തുടരുകയാണെന്നും കട്സിന പൊലീസ്‌ അറിയിച്ചു. അക്രമിസംഘത്തിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ട ചിലകുട്ടികൾ തിരിച്ചുവന്നതായും റിപ്പോർട്ടുണ്ട്. കുട്ടികളെ രക്ഷിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് സംസ്ഥാന വക്താവ് അബ്ദുൾ ലബാരൻ പറഞ്ഞു. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ സൈനിക, രഹസ്യാന്വേഷണ വിഭാഗം മേധാവികളും സ്ഥലത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു. അക്രമികളുടെ ഉദ്ദേശ്യം ഇതുവരെ അറിയാത്തതിനാൽ കട്സിനയിലെ എല്ലാം സ്കൂളുകളും താത്കലികമായി അടച്ചിടാന വിദ്യാഭ്യാസ കമ്മീഷണർ ഉത്തരവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികളെ അക്രമികൾ തട്ടിക്കൊണ്ട് പോയത്. ഇതുവരെ കുട്ടികളെ കുറിച്ച് വിവരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളെ രക്ഷപെടുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ തങ്ങളുടെതായ വഴി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. അതേ സമയം അക്രമികൾ തട്ടികൊണ്ടു പോയ വിദ്യാർഥികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഗവർണർ അമിനു ബെല്ലോ മസാരി കുട്ടികളുടെ സ്​കൂളിലെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. പ്രത്യേകം സജ്ജരായ സൈനിക സേനയെ മോചന പ്രവർത്തനത്തിനായി ഭരണകൂടം നിയോഗിച്ചിട്ടുണ്ട്​.

എന്നാൽ അക്രമികൾ കുട്ടികളെ വനത്തിലെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അതിനിടയിൽ താൻ രക്ഷപെട്ടതാണെന്നും സ്കൂളിലെ വിദ്ധ്യാർത്ഥിയായ ട്രാൻ യഹായ (17) പറഞ്ഞു.

വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ സായുധ സംഘങ്ങൾ നടത്തുന്ന അക്രമണങ്ങൾ പതിവാണ്. സംഘങ്ങൾ പ്രദേശവാസികളെ അക്രമിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും മോചനദ്രവ്യം ആവശ്യപ്പെടുന്നതും പതിവാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിലെ സുരക്ഷാ സാഹചര്യങ്ങളിൽ ജനങ്ങൾക്കിടയിൽ രോക്ഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം വടക്കുകിഴക്കൻ ബോർനോയിൽ അക്രമികൾ നിരവധി കർഷകരെ കൊലപ്പെടുത്തിയിരുന്നു.