
ഭോപ്പാൽ: സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞത കാരണമാണ് ശൂദ്രരെ ശൂദ്രന്മാർ എന്ന് വിളിക്കുമ്പോൾ അതവർക്ക് മോശമായി തോന്നുന്നതെന്ന് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും എം.പിയുമായ പ്രഗ്യ സിംഗ് ഠാക്കൂർ. ക്ഷത്രിയ മഹാസഭയുടെ ഒരു സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പ്രഗ്യയുടെ വിവാദ പ്രസ്താവന.
ക്ഷത്രിയരെന്ന് വിളിച്ചാൽ അവർക്കത് മോശമായി തോന്നാറില്ല. ബ്രാഹ്മണനെന്നു വിളിച്ചാൽ ബ്രാഹ്മണർക്ക് മോശം തോന്നാറില്ല. വൈശ്യരെന്നു വിളിച്ചാൽ വൈശ്യർക്കും മോശം തോന്നാറില്ല. എന്നാൽ, ശൂദ്രരെന്നു ശൂദ്രരെ വിളിച്ചാൽ അവർക്ക് മോശമായി തോന്നുന്നു. എന്താണ് കാരണം? അവർക്ക് ഒന്നും അറിയില്ലെന്നതാണു കാരണം", പ്രഗ്യ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയേയും പ്രഗ്യ വിമർശിച്ചു. "ഇത് ഇന്ത്യയാണ് പാകിസ്ഥാനല്ലെന്ന് അവർ മനസിലാക്കണം. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കും. പശ്ചിമ ബംഗാളിൽ ഹിന്ദുരാജ് നിലവിൽ വരും. സ്വന്തം ഭരണം അവസാനിക്കാൻ പോകുന്നുവെന്ന നിരാശയിലാണ് അവർ. അവർക്ക് ഭ്രാന്താണ് " പ്രഗ്യ പറഞ്ഞു.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സഞ്ചരിച്ച വാഹനത്തിനു നേരയുണ്ടായ ആക്രമണത്തിൽ മമത നടത്തിയ പ്രതികരണമാണ് പ്രഗ്യയെ പ്രകോപിപ്പിച്ചത്.