kiwis

വെല്ലിംഗ്ടൺ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഉജ്ജ്വല വിജയം നേടിയ ന്യൂസിലാൻഡ് പരമ്പര തൂത്തുവാരി ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി. ആദ്യ ടെസ്റ്റിലേതുപോലെ ഇന്നിംഗ്സ് വിജയമാണ് രണ്ടാം ടെസ്റ്റിലും കിവീസ് നേടിയത്. ഇന്നിംഗ്സിനും 12 റൺസിനുമായിരുന്നു രണ്ടാം ടെസ്റ്റിലെ വിജയം.

ആദ്യ ഇന്നിംഗ്സിൽ 460 റൺസ് നേടിയിരുന്ന ന്യൂസിലാൻഡിനെതിരെ വിൻഡീസ് ആദ്യ ഇന്നിംഗ്സിൽ 131 റൺസിന് ആൾഔട്ടായി. തുടർന്ന് ഫോളോഓണിനിറങ്ങി നാലാം ദിവസമായ ഇന്നലെ 317 റൺസിൽ ആൾഔട്ടായി.മൂന്നാം ദിവസം 244/6 എന്ന സ്കോറിൽ കളി നിറുത്തിയിരുന്ന വിൻഡീസിന് ഇന്നലെ 83 റൺസ് കൂടി ചേർക്കുന്നതിനിടയിൽ അവശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

ഹെൻട്രി നിക്കോൾസിന്റെ (174) സെഞ്ച്വറി മികവിലാണ് ആദ്യ ഇന്നിംഗ്സിൽ കിവീസ് മികച്ച സ്കോറിലെത്തിയത്. 69 റൺസെടുത്ത ജെർമെയ്ൻ ബ്ളാക്ക്‌വുഡ് മാത്രമാണ് വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സിൽ പിടിച്ചുനിന്നത്. കിവീസിനായി കൈൽ ജാമീസണും ടിം സൗത്തിയും അഞ്ചുവിക്കറ്റ് വീതം വീഴ്ത്തി.ഫോളോഓൺ ഇന്നിംഗ്സിൽ ജോൺ കാംപ്ബൽ (68),ജാസൺ ഹോൾഡർ (61), ജോഷ്വാ ഡാ സിൽവ (57) എന്നിവർ പൊരുതിനോക്കിയെങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനായില്ല. വാഗ്നറും ബൗൾട്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജാമീസണും സൗത്തിയും രണ്ട് വിക്കറ്റ് വീതം നേടി.ഹെൻട്രി നിക്കോൾസാണ് മാൻ ഒഫ് ദ മാച്ച്. കൈൽ ജാമീസൺ മാൻ ഒഫ് ദ സിരീസായി.