
നടക്കാനോ മറ്റോ പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും അസ്വാഭാവികമായ വസ്തു കണ്ടാല്‍ അത് വീട്ടിൽ കൊണ്ട് വന്ന് പരിശോധന നടത്തുന്ന കൂട്ടത്തിലാണോ നിങ്ങള്‍? യു കെയിലെ ഈ അമ്മയ്ക്കും മകള്‍ക്കും സംഭവിച്ചത് കേട്ടാല്‍ ഒരു പക്ഷെ നിങ്ങള്‍ ഇനി അത് ചെയ്യാന്‍ ഒന്ന് മടിക്കും. കടല്‍ തീരത്ത് നടക്കാനിറങ്ങിയ ജോഡീ ക്രൂവിസും 8 വയസുള്ള മകള്‍ ഇസബെല്ലയും.
നടക്കുന്നതിനിടയില്‍ കടല്‍ക്കരയില്‍ കാണാത്ത ഒരു വസ്തു ഇവരുടെ ശ്രദ്ധയില്‍പെട്ടു. ഒറ്റ നോട്ടത്തില്‍ ശംഖ് എന്നോ അല്ലെങ്കില്‍ എന്തെങ്കിലും കടല്‍ ജീവിയുടെ എല്ലോ എന്നെ തോന്നൂ. കൗതുകം തോന്നിയ അമ്മയും മകളും അതുമെടുത്തു വീട്ടിലെത്തി. തിരിച്ചും മറിച്ചും പരിശോധിച്ചിട്ടും ഒരു പിടിയും കിട്ടാതായതോടെ ആര്‍ക്കിയോളജി വെബ്സൈറ്റില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
പലരും പല ഉത്തരങ്ങളുമായെത്തി. ഒരാള്‍ അത് തിമിംഗലം ഛര്‍ദിച്ചത് ഉണങ്ങിയതാണ് എന്നുവരെ പറഞ്ഞു.അതിനിടെ ശേഖരിച്ചുകൊണ്ടുവന്ന വസ്തുവില്‍ നിന്നും ചെറിയ രീതിയില്‍ പുക ഉയരാന്‍ തുടങ്ങി. ഇതോടെ പേടിച്ചിരണ്ട മകള്‍ അമ്മയുടെ അടുത്തേക്കോടി. വീടിന്റെ മുന്‍വശത്തായിരുന്ന ജോഡീ ധൈര്യം സംഭരിച്ച പുക ഉയരുന്ന വസ്തു അടുക്കളയുടെ സിങ്കിലേക്കിട്ട് വെള്ളം ഒഴിച്ചു.
ഒപ്പം ഓമനിച്ചു വളര്‍ത്തുന്ന പൂച്ചകുട്ടിയെയും പട്ടികുട്ടിയെയും എടുത്തു പുറത്തേക്കോടി. പുക ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടി കൂടിയപ്പോഴേക്കും അടുക്കളയിലെ സിങ്കില്‍ ചെറിയ സ്‌ഫോടനം നടന്നു. ജോഡീ ക്രൂവിസും ഇസബെല്ലയും കൂടി കടല്‍ക്കരയില്‍ നിന്നും പെറുക്കിയെടുത്ത് വെറും എല്ല് അല്ലായിരുന്നു സാക്ഷാല്‍ ഗ്രനേഡ് ആയിരുന്നു. അതും രണ്ടാം ലോകമഹായുദ്ധകാലത്ത് സ്ഥാപിച്ച ഇപ്പോഴും പൊട്ടാത്ത ഗ്രനേഡ്.
കാലം ഇത്രയും ചെന്നതോടെ ഗ്രനേഡിന്റെ വീര്യം കുറഞ്ഞത് വന്‍ സ്‌ഫോടനം ഒഴിവാക്കി. സിങ്കിനോട് ചേര്‍ന്നുള്ള ജനല്‍ പാളികള്‍ക്കും, ചുവരിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് എങ്കിലും ജോഡീ ക്രൂവിസിനോ ഇസബെല്ലയ്‌ക്കോ ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങള്‍ക്കോ പരിക്കൊന്നും പറ്റിയിട്ടില്ല. ഉടന്‍ എത്തിയ ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കുകയും ചെയ്തതോടെ കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായില്ല. ഗ്രനേഡുകള്‍ക്ക് ചുറ്റുമുള്ള മെഴുകുപോലുള്ള ഭാഗം ഉരഞ്ഞാണ് ഗ്രനേഡ് വീണ്ടും സജീവമായത് എന്ന് ഫയര്‍ ഫോഴ്‌സ് അധികാരികള്‍ തന്നോട് പറഞ്ഞു എന്ന് ജോഡീ ക്രൂവിസ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ച്. ഒപ്പം ഇനി മേലാല്‍ താന്‍ വഴിയില്‍ കാണുന്ന ഒന്നും പെറുക്കിയെടുത്ത് വീട്ടിലേക്ക് കൊണ്ടുവരില്ല എന്നും കുറിച്ചിട്ടുണ്ട്.