
പാരീസ് : ഫ്രഞ്ച് ദേശീയ ഫുട്ബാൾ ടീമിന്റെ മുൻ പരിശീലകൻ ജെറാഡ് ഹൗളിയർ അന്തരിച്ചു. 73 വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായിരുന്ന ഹൗളിയർ തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു.
മുൻ നിര ഫ്രഞ്ച് ക്ളബുകളായ ഒളിമ്പിക് ലിയോൺ,പാരീസ് സെന്റ് ജെർമ്മെയ്ൻ എന്നിവയെയും ഇംഗ്ളീഷ് ക്ളബ് ലിവർപൂളിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇടത്തരം ഫ്രഞ്ച് ക്ളബുകളുടെ കളിക്കാരനായിരുന്ന ഹൗളിയർ 1973ൽ ലെൻസിലൂടെയാണ് പരിശീലകനായത്. തുടർന്ന് പാരീസ് എസ്.ജിയുടെ ചുമതലക്കാരനായി. 1988ലാണ് ഫ്രഞ്ച് ദേശീയ ടീമിന്റെ സഹപരിശീലകനായത്.
1992ൽ മുഖ്യപരിശീലകനായെങ്കിലും 94 ലോകകപ്പിലേക്ക് ഫ്രാൻസിന് യോഗ്യത നേടിക്കൊടുക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് സ്ഥാനമാെഴിയേണ്ടിവന്നു. തുടർന്ന് ലിവർപൂളിലെത്തിയ ഹൗളിയർ അവരെ എഫ്.എ കപ്പ്,ലീഗ് കപ്പ്.യുവേഫ കപ്പ് എന്നിവയിൽ ജേതാക്കളാക്കി പേര് വീണ്ടെടുത്തു. തുടർന്നാണ് ലിയോണിലെത്തിയത്. അവരെ ഫ്രഞ്ച് ലിഗെ വൺ ചാമ്പ്യന്മാരാക്കുകയും ചെയ്തു.
ദീർഘനാളായി ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ ഹൗളിയറെ അലട്ടിയിരുന്നു. 2011ൽ ലിവർപൂൾ കോച്ചായിരിക്കേ 2001ൽ ലീഡ്സിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീണിരുന്നു. 2010ൽ ആസ്റ്റൺ വില്ല കോച്ച് സ്ഥാനം ഉപേക്ഷിച്ച് വിശ്രമ ജീവിതം തിരഞ്ഞെടുത്തതും അസുഖം മൂലമായിരുന്നു.