
മാഡ്രിഡ് : തുടർച്ചയായ രണ്ട് തോൽവികളിൽ പതറിയ ബാഴ്സലോണയെ വിജയവഴിയിൽ തിരികെയെത്തിച്ച് മെസിയുടെ ഗോൾ. കഴിഞ്ഞ രാത്രി ലെവാന്റെയ്ക്ക് എതിരായ ലാ ലിഗ മത്സരത്തിലാണ് ബാഴ്സ മെസിയുടെ ഗോളിൽ വിജയം കണ്ടത്.
കഴിഞ്ഞ വാരം ചാമ്പ്യൻസ് ലീഗിൽ യുവന്റസിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കും ലാ ലിഗയിൽ കാഡിസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും ബാഴ്സലോണ തോറ്റിരുന്നു. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ ഉറപ്പാക്കിയിരുന്നുവെങ്കിലും ലാ ലിഗയിലെ തോൽവി ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു.
കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഭാഗ്യം കൊണ്ടാണ് ബാഴ്സ വിജയത്തിലെത്തിയത്. അവസരങ്ങൾ തുലച്ചും ആധിപത്യം നഷ്ടപ്പെട്ടും നിറം മങ്ങിയ മത്സരത്തിന്റെ 76-ാം മിനിട്ടിൽ ഡി ജോംഗിന്റെ ഒരു പാസിൽ നിന്നാണ് മെസി സ്കോർ ചെയ്തത്.
ഈ വിജയത്തോടെ 11 കളികളിൽനിന്ന് 17 പോയിന്റായ ബാഴ്സ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു.കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ എയ്ബറിനോട് 1-1ന് സമനില വഴങ്ങിയെങ്കിലും റയൽ സോസിഡാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് ലാലിഗ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി.13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റായ സോസിഡാഡ് ഗോൾ മാർജിനിലാണ് അത്‌ലറ്റിക്കോയെ മറികടന്നത്. അത്‌ലറ്റിക്കോ 11 മത്സരങ്ങളിൽ നിന്നാണ് 26 പോയിന്റ് നേടിയിരിക്കുന്നത്. 12 കളികളിൽ നിന്ന് 23 പോയിന്റുളള റയൽ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.