ins-viraat

മുംബയ്: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാണെന്നറിയിച്ച് പ്രതിരോധ മന്ത്രാലയത്തിന് കത്തെഴുതി മഹാരാഷ്ട്ര. ശിവസേന എം.പി പ്രിയങ്ക ചതുർവേദിയാണ് കത്തയച്ചത്.

ചരിത്രപ്രധാന്യമുളള ഐ.എൻ.എസ് വിരാടിനെ പൊളിക്കാനുളള നടപടികൾ ഗുജറാത്തിലെ അലാംഗിൽ ആരംഭിച്ചെന്ന വാർത്ത വളരെയധികം സങ്കടത്തോടെയും ആശങ്കയോടെയുമാണ് താൻ വായിച്ചതെന്നും അവർ പറഞ്ഞു. യുദ്ധക്കപ്പൽ സംരക്ഷിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ എൻ.ഒ.സി ആവശ്യപ്പെട്ടുകൊണ്ടാണ് മഹാരാഷ്ട്ര കത്തയച്ചിരിക്കുന്നത്.

ഡികമ്മിഷൻ ചെയ്ത നാവികക്കപ്പലുകൾ രാജ്യത്തെ പൗരന്മാർക്ക് ഇന്ത്യയുടെ സമുദ്ര ചരിത്രത്തിന്റെ പ്രധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനായി ഉപയോഗിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിസംബോധന ചെയ്ത് കൊണ്ടുളള കത്തിൽ ചതുർവേദി ആവശ്യപ്പെട്ടു.

'യുദ്ധക്കപ്പലിനെ ഒരു മ്യൂസിയമാക്കി മാറ്റാനുളള വാഗ്ദാനം ഉണ്ടായിട്ടും പ്രതിരോധമന്ത്രാലയത്തിന്റെ എൻ.ഒ.സി ലഭിക്കുന്നത് വരെ കാത്തിരിക്കുന്നത് എന്നെ ദുഃഖിപ്പിക്കുന്നു.' പ്രിയങ്ക കത്തിൽ പറയുന്നു

യുദ്ധക്കപ്പൽ ഏറ്റെടുത്ത് രൂപമാറ്റം വരുത്തി മ്യൂസിയമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന എൻവിടെക് എന്ന സ്വകാര്യകമ്പനി അനുവാദം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതിരോധമന്ത്രാലയത്തിൽ നിന്ന് എൻ.ഒ.സി കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. വിരാടിനെ ശ്രീരാം ഷിപ്പ് ബ്രേക്കേഴ്സിന് 35.8 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്.

എന്നാൽ, എൻ.ഒ.സി ലഭിക്കാതെ കപ്പൽ കൈമാറാനാകില്ലെന്നാണ് ശ്രീരാം ഷിപ്പ്ബ്രേക്കേഴ്സിന്റെ ചെയർമാൻ മുകേഷ് പട്ടേൽ പറയുന്നത്.