saritha-s-nair

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ ജോലി നൽകാമെന്ന വാഗ്ദാനം നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ സോളാർ വിവാദനായിക സരിത എസ്.നായർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോ. ഇത് സംബന്ധിച്ച് ബെവ്‌കോ എം ഡി ജി. സ്പർജൻ കുമാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.


കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്തു നൽകിയത്.

പരാതിയിൽ സരിതയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും നെയ്യാറ്റിൻകര പൊലീസ് കേസിൽ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല എന്ന ആരോപണമുണ്ടായിരുന്നു. കഴിഞ്ഞമാസം എട്ടിനാണ് കേസിൽ എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്. ടി.രതീഷ്, ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുപത് പേരോളം സരിതയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

ഇവരിൽ ഭൂരിഭാഗവും ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നും റിപ്പോർട്ടുണ്ട് . 2018 ഡിസംബറിലാണു തട്ടിപ്പ് ആരംഭിച്ചത്. രതീഷും ഷാജുവും പണം വാങ്ങിയെങ്കിലും ജോലി ലഭിക്കാത്തതിനാൽ യുവാക്കൾ പ്രശ്നമുണ്ടാക്കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു തട്ടിപ്പിന് ഇരയായവർ പറയുന്നു.

അതേസമയം, ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവുമായി തട്ടിപ്പിലെ ഇര രംഗത്തെത്തിയിട്ടുണ്ട്. ബെവ്കോ ഉദ്യോഗസ്ഥയായ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരിൽ പണം വാങ്ങിയെന്നാണ് പരാതിക്കാരനായ അരുണിന്റെ പറയുന്നത്.

ഇക്കാര്യം സംബന്ധിച്ച് മീനാകുമാരിയെ വിളിച്ചെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം. തുടർന്ന് ഇക്കാര്യം അരുൺ സരിതയെ അറിയിച്ചു. ശേഷം മീനാകുമാരി അരുണിനെ വിളിച്ച് താൻ പറഞ്ഞകാര്യം എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്ന് ചോദിച്ചതായും അരുൺ പറയുന്നു.