cristiano

റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ജെനോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ യുവന്റസ്. ഇരട്ടഗോളടിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തകർപ്പൻ വിജയമൊരുക്കിയത്. യുവന്റസിനായി ക്രിസ്റ്റ്യാനോയുടെ നൂറാം മത്സരമായിരുന്നു ഇത്.പെനാൽറ്റികളിൽ നിന്നാണ് ക്രിസറ്റളാനോയുടെ രണ്ടുഗോളും പിറന്നത്.

ജെനോവയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 57-ാം മിനിട്ടിൽ ഡിബാലയിലൂടെ യുവന്റസാണ് സ്കോർ ബോർഡ് തുറന്നത്. മക്കെന്നിയുടെ പാസിൽ നിന്നായിരുന്നു ഡിബാലയുടെ ഗോൾ.യുവന്റസിൽ നിന്ന് ലോൺ വ്യവസ്ഥയിൽ ജെനോവയിലേക്ക് പോയിരുന്ന ലൂക്കാ പെല്ലഗ്രിനിയുടെ പാസിൽ നിന്ന് 61-ാം മിനിട്ടിൽ സ്റ്റുറാറോ സമനില പിടിച്ചു.ക്വാർഡാഡോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് 78-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ തന്റെ ആദ്യ ഗോളാക്കി മാറ്റിയത്. 89-ാംമിനിട്ടിൽ ജെനോവ ഗോളിയുടെ ഫൗൾ ക്രിസറ്റ്യാനോയ്ക്ക് അടുത്ത പെനാൽറ്റി ഗോളിനുള്ള വഴി തുറന്നു.

11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റായ യുവന്റസ് സെരി എ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. 27 പോയിന്റുള്ള എ.സി മിലാനാണ് ഒന്നാമത്. ഇന്റർ മിലാൻ (24), നാപ്പോളി (23) എന്നിവരാണ് രണ്ടാം മൂന്നാം സ്ഥാനങ്ങളിൽ.