angara

മോസ്കോ: ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം അംഗാര-എ 5 ഹെവി-ലിഫ്റ്റ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്മോസ് അറിയിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യ ആദ്യമായി വികസിപ്പിച്ച അംഗാര റോക്കറ്റ്, വടക്കൻ റഷ്യയിലെ പ്ലെസെറ്റ്സ്കിൽ നിന്ന് വിക്ഷേപിച്ചെങ്കിലും ഏറെ വൈകാതെ പൊട്ടിത്തെറിക്കുകയായിരുന്നു. ഏജൻസി മേധാവി ദിമിത്രി റോഗോസിൻ ട്വിറ്ററിൽ "അവൾ പറക്കുന്നു," എന്ന അടിക്കുറിപ്പോടെ റോക്കറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ പേലോഡുകൾ വഹിക്കുന്നതിനുള്ള സാക്ഷ്യപത്രം അംഗാറയ്ക്ക് ലഭിക്കുന്നതിനായുള്ള നടപടികൾ , നിർമ്മാണ, ഗുണനിലവാര പ്രശ്നങ്ങൾ കാരണം വർഷങ്ങളോളം വൈകി. ഹെവി-ക്ലാസ് അങ്കാറ റോക്കറ്റിന്റെ ഒരേയൊരു വിക്ഷേപണം 2014 ഡിസംബർ അവസാനമാണ് നടന്നത്, അതേസമയം റോക്കറ്റിന്റെ ഭാരം കുറഞ്ഞ പതിപ്പിന്റെ പരീക്ഷണം അതേ വർഷം ജൂലായിൽ നടത്തി. പുതിയ ലോഞ്ചറുകൾ റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുതുജീവൻ പകരുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.