
ഭോപ്പാല്‍: രാജി വച്ചേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മദ്ധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ്. ഛിന്ദ്വാരയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജി സന്നദ്ധത അറിയിച്ചത്.
'അല്‍പ്പം വിശ്രമിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു പദവിയിലെത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ തന്നെ ധാരാളം നേട്ടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി വീട്ടിലിരിക്കാന്‍ ഒരുക്കമാണ്' കമല്‍നാഥ് പറഞ്ഞു. മദ്ധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനുമാണ് കമല്‍നാഥ്. മദ്ധ്യപ്രദേശില്‍ യുവതലമുറയ്ക്ക് വഴിമാറി കൊടുക്കാന്‍ ഹൈക്കമാന്റില്‍ നിന്ന് കമല്‍നാഥിന് സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ മാസം 28 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരാജയപ്പെട്ടിരുന്നു.
19 മണ്ഡലത്തില്‍ ബിജെപി ജയിച്ചപ്പോള്‍ 9 മണ്ഡലം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പരാജയത്തെത്തുടര്‍ന്ന് എ ഐ സി സി നിലവിലെ പദവികളില്‍നിന്ന് കമല്‍നാഥിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.2019 ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിവച്ചതിന് സമാനമായി കമല്‍നാഥ് രാജിവയ്ക്കണമെന്നതായിരുന്നു ആവശ്യം. പാര്‍ട്ടിയുടെ തോല്‍വി ഏറ്റെടുത്തുള്ള കമല്‍നാഥിന്റെ രാജിയാണ് ആവശ്യപ്പെട്ടത്.