arsenal

ലണ്ടൻ : ഇതുവരെ എതിരാളികളുടെ വലയിലേക്ക് നിറയൊഴിച്ചിരുന്ന പിയറി ഔബമയാംഗ് അബദ്ധത്തിൽ സ്വന്തം വലയിലേക്ക് പന്തുതട്ടിയിട്ടപ്പോൾ ബേൺലിക്കെതിരായ ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ആഴ്സനലിന് ഏകപക്ഷീയമായ ഒരു ഗോൾ തോൽവി.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 73-ാം മിനിട്ടിലാണ് ഔബമയാംഗ് സെൽഫ് ഗോളടിച്ചത്. 12 കളികളിൽ നിന്ന് 13 പോയിന്റ് മാത്രമുള്ള ആഴ്സനൽ ലീഗിൽ 15-ാം സ്ഥാനത്താണ്.

മറ്റു മത്സരങ്ങളിൽ ലിവർപൂളും ടോട്ടൻഹാമും സമനില വഴങ്ങി.നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ 1-1ന് ഫുൾഹാം സമനിലയിൽ തളച്ചപ്പോൾ ഇതേ മാർജിനിൽ ക്രിസ്റ്റൽ പാലസിനോടാണ് ടോട്ടൻഹാം സമനില വഴങ്ങിയത്.25-ാം മിനിട്ടിൽ കാെർഡോവ റെയ്ഡലൂടെ മുന്നിലെത്തിയിരുന്ന ഫുൾഹാമിനെ 79-ാം മിനിട്ടിലെ മുഹമ്മദ് സലായുടെ പെനാൽറ്റി ഗോളിലൂടെയാണ് ലിവർപൂൾ സമനിലയിൽ പിടിച്ചത്. 23-ാം മിനിട്ടിൽ ഹാരി കേനിലൂടെ ടോട്ടൻഹാം മുന്നിലെത്തിയിരുന്നു.81-ാം മിനിട്ടിൽ ഷ്ളൂപ്പാണ് ക്രിസ്റ്റൽ പാലസിനായി സമനില പിടിച്ചെടുത്തത്.

12കളികളിൽ നിന്ന് 25 പോയിന്റാണ് ടോട്ടൻഹാമിനും ലിവർപൂളിനുമുള്ളത്. ഗോൾ ശരാശരിയിൽ ടോട്ടൻഹാം ഒന്നാമതും ലിവർപൂൾ രണ്ടാമതുമാണ്.24 പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാമത്.