flag

ബ്രസൽസ്: യൂറോപ്യൻ യൂണിയനും ബ്രിട്ടനുമായി വ്യാപാരക്കരാറിനു സാദ്ധ്യത കുറഞ്ഞതോടെ സമയപരിധി കഴിഞ്ഞും ചർച്ച തുടരാൻ ഇരുകക്ഷികളും ധാരണയായി. 31ന് ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിട്ടുപോരുന്നത് വ്യാപാരക്കരാറോടു കൂടിയാണോ അല്ലയോ എന്നതിൽ അന്തിമതീരുമാനം ഞായറാഴ്ച ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഭിന്നതകൾ തുടരുന്നതിൽ ഏതാനും ദിവസം കൂടി ചർച്ച തുടരാൻ ഇരുപക്ഷവും തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമ്മിഷൻ പ്രസി‍ഡന്റ് ഉർസുല വോൻ സേർ ലെയ്നും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കരാറില്ലാത്ത ബ്രെക്സിറ്റ് ഇരുകക്ഷികൾക്കും വലിയ ബാദ്ധ്യതയുണ്ടാക്കും. ഇതാണ് തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കാനായി ചർച്ച തുടരാൻ ബ്രിട്ടനെയും യൂറോപ്യൻ യൂണിയനെയും പ്രേരിപ്പിക്കുന്നത്. അതേ സമയം, കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കാനുള്ള ഒരുക്കങ്ങൾ ഇരുപക്ഷത്തും ആരംഭിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്ക് ബ്രിട്ടന്റെ പരിധിയിലുള്ള സമുദ്രത്തിൽ മത്സ്യബന്ധനം നടത്താനുള്ള അവകാശമാണ് ഇനിയും ധാരണയിലെത്താത്ത വിഷയങ്ങളിലൊന്ന്. കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടേണ്ടി വന്നാൽ ഉണ്ടായേക്കാവുന്ന അവശ്യവസ്തുക്ഷാമം നേരിടാൻ ബ്രിട്ടിഷ് റീട്ടെയിൽ കമ്പനികൾ പരമാവധി സാധനങ്ങൾ സംഭരിക്കുന്ന തിരക്കിലാണ്.