
ഇസ്‌ലാമാബാദ്: താലിബാൻ മുൻ തലവൻ മുല്ല അക്തർ മൻസൂർ വ്യാജപ്പേരിൽ പാകിസ്ഥാനിൽ നിന്ന് ലൈഫ് ഇൻഷ്വറൻസ് എടുത്തിരുന്നു. മുല്ല മൻസൂറും അനുയായികളും വ്യാജപ്പേരിൽ പാകിസ്ഥാനിൽ വീടുകളും സ്ഥലങ്ങളും വാങ്ങിയതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇൻഷ്വറൻസ് എടുത്തതായി കണ്ടെത്തിയത്. മുല്ല അക്തർ കൊല്ലപ്പെടുന്നതിന് മുൻപ് 3 ലക്ഷം രൂപ പ്രീമിയം തുക അടച്ചതായും കണ്ടെത്തി. കറാച്ചിയിലെ ഭീകരവിരുദ്ധ കോടതിയിൽ മുല്ല അക്തറിനും കൂട്ടളികൾക്കും എതിരായ കേസിന്റെ വാദത്തിനിടെയാണ് ഇൻഷ്വറൻസ് കമ്പനി ഇൻഷ്വറൻസ് തുകയുടെ ചെക്ക് നൽകിയത്. മുല്ല അക്തർ കൊല്ലപ്പെട്ട സാഹചര്യത്തിൽ 3 ലക്ഷം രൂപ സർക്കാരിലേക്ക് അടയ്ക്കാൻ ഇൻഷ്വറൻസ് കമ്പനി അന്വേഷണ ഉദ്യോഗസ്ഥർക്ക് ചെക്ക് കൈമാറിയെങ്കിലും പ്രീമിയം ഉൾപ്പെടെ മുഴുവൻ തുക അടയ്ക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതോടെ 3.5 ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ ഇൻഷ്വറൻസ് കമ്പനി കോടതിയിൽ സമർപ്പിച്ചു. ഒപ്പം മുല്ല അക്തറിന്റെ കറാച്ചിയിലെ വസ്തു വിറ്റ് 92 ലക്ഷം രൂപയും കോടതിയിൽ സമർപ്പിച്ചു. മുല്ല അക്തറിന് കറാച്ചിയിൽ 3.2 കോടി രൂപയുടെ വസ്തുക്കൾ ഉണ്ടെന്നാണു കണക്ക്. 2016ൽ യു.എസ് ഡ്രോൺ ആക്രമണത്തിലാണ് മുല്ല അക്തർ കൊല്ലപ്പെടുന്നത്.