sabarimala

കോഴഞ്ചേരി: ശബരിമലയിൽ അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര 22 ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. അന്ന് പുലർച്ചെ 5 മുതൽ 6.30 വരെ ക്ഷേത്രത്തിൽ തങ്ക അങ്കി ദർശനത്തിന് വയ്ക്കും. രാവിലെ ഏഴിന് കിഴക്കേനടയിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.

പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും. 25 ന് ളാഹ,പ്ലാപ്പള്ളി,നിലക്കൽ,ചാലക്കയം വഴി ഉച്ചയ്ക്ക് ഒന്നിന് പമ്പയിലെത്തും. മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ശരംകുത്തിയിലെത്തുമ്പോൾ ആചാരപരമായ സ്വീകരണം നൽകി സന്നിധാനത്തെത്തിക്കും. വൈകിട്ട് അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. 26 ന് ഉച്ചയ്ക്ക് അങ്കി ചാർത്തിയാണ് മണ്ഡലപൂജ. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ ശബരിമലയിൽ സമർപ്പിച്ചതാണ് തങ്ക അങ്കി. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലാണ് അങ്കി സൂക്ഷിക്കുന്നത്.

ഘോഷയാത്ര കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണ ഘോഷയാത്ര. നേരത്തെ നിശ്ചയിച്ച സ്വീകരണ സ്ഥലങ്ങളിൽ മാത്രമേ രഥം നിറുത്തൂ. ഇവിടങ്ങളിൽ നിന്ന് മാത്രമേ പറ സ്വീകരിക്കൂ. ആറന്മുള ക്ഷേത്രത്തിൽ 22 ന് രാവിലെ 6.30 ശേഷം ഭക്തർക്ക് തങ്ക അങ്കി ദർശനം ഉണ്ടാകില്ല. ആറന്മുള ദേവസ്വം ആഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.ബി.ഹരിദാസ്,സബ് ഗ്രൂപ്പ് ഓഫീസർമാരായ ജി.അരുൺ കുമാർ,എം.ജി.സുകു,രാധാകൃഷ്ണൻ എന്നിവർക്കാണ് ഘോഷയാത്രയുടെ ചുമതല.