uefa-champions-league

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാഴ്സലോണയും പാരീസ് എസ്.ജിയും നേർക്കുനേർ

സൂറിച്ച് : ഇക്കുറി യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ മെസിയുടെ ബാഴ്സലോണയും നെയ്മറുടെ പാരീസ് എസ്.ജിയും ഏറ്റുമുട്ടും.കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പുകളാണ് പാരീസ്. നിലവിലെ ചാമ്പ്യന്മാരായ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന് പ്രീ ക്വാർട്ടർ എതിരാളികൾ ഇറ്റാലിയൻ ക്ളബ് ലാസിയോയാണ്. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് പ്രീ ക്വാർട്ടർ ഫിക്സ്ചർ നിശ്ചയിക്കപ്പെട്ടത്.

ഗ്രൂപ്പ് ജിയിൽ യുവന്റസിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ബാഴ്സലോണ പ്രാഥമിക റൗണ്ട് പൂർത്തിയാക്കിയത്. പാരീസ് ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരായും. യുവന്റസിന് പ്രീ ക്വാർട്ടറിൽ എതിരാളിയാകുന്നത് പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയാണ്. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരാണ് എഫ്.സി പോർട്ടോ. സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ളബായ ബൊറൂഷ്യ മോൺഷെഗ്ളാബാഷിനെ നേരിടും.ആദ്യമായാണ് മോൺഷെംഗ്ളാബാഷ് ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിലെത്തുന്നത്.

ഇംഗ്ളീഷ് ക്ളബ് ചെൽസിയും സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് മറ്റൊരു സൂപ്പർ പോരാട്ടം.മുൻ ചാമ്പ്യന്മാരായ മറ്റൊരു ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെ നേരിടും.സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് ഇറ്റാലിയൻ ക്ളബ് അറ്റലാന്റയെയും സെവിയ്യ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെയും നേരിടും.