trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കാതെ ഡൊണൾഡ് ട്രംപിനു പിന്തുണയുമായി വാഷിംഗ്ടണിലും ജോർജിയയിലും തെരുവുറാലികൾ നടന്നു. വാഷിംഗ്ടണിൽ ട്രംപ് അനുകൂലികളും തടയാനെത്തിയവരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് പേർക്കു കുത്തേറ്റതായാണു റിപ്പോർട്ടുകൾ. ട്രംപിനെ പിന്തുണയ്ക്കുന്ന ‘പ്രൗഡ് ബോയ്സ് ’ എന്ന തീവ്ര വംശീയവാദ സംഘവും ഡെമോക്രാറ്റ് അനുകൂലികളായ ആന്റിഫക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. മുളക് സ്പ്രേ ഉപയോഗിച്ചു പ്രകടനക്കാരെ തുരത്താൻ ശ്രമിച്ച പൊലീസ് 23 പേരെ അറസ്റ്റു ചെയ്തു. ന്യൂയോർക്കിൽ സൈനികസംബന്ധമായ ചടങ്ങിൽ പങ്കെടുക്കാൻ ഉച്ചയോടെ ഹെലികോപ്റ്ററിൽ പുറപ്പെട്ട ട്രംപ് പ്രകടനക്കാരെ ആകാശത്തുനിന്ന് അഭിവാദ്യം ചെയ്തിരുന്നു. ഇതിനിടെ, രണ്ട് സെനറ്റ് സീറ്റുകളിൽ‌ വീണ്ടും തിരഞ്ഞെടുപ്പു നടക്കുന്ന ജോർജിയ സംസ്ഥാനത്ത് മുൻകൂർ വോട്ടുചെയ്യാനുള്ള സൗകര്യം ഇന്നലെ ആരംഭിച്ചു.