
ബറേലി: വിവാഹ ദിനത്തില്‍ വരന്റെ സുഹൃത്തുക്കളുടെ ഭാഗത്തു നിന്നുമുണ്ടായ മോശം അനുഭവത്തില്‍ വിവാഹം വേണ്ടെന്ന് വച്ച് യുവതി. വരന്റെ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നതിനായി യുവതിയെ വലിച്ചിഴച്ചു കൊണ്ടു വന്നതോടെയാണ് പ്രശ്‌നമുണ്ടായത്.
ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് ഇത്തരത്തില്‍ വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്. കണ്ണൗരാജ് ജില്ലയില്‍ നിന്നുമെത്തിയ വധുവാണ് ഇത്തരത്തില്‍ മടങ്ങിയത്. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വെള്ളിയാഴ്ച വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയിലേക്ക് എത്തി. അതിനിടെ വരന്റെ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് വധുവിനെ നൃത്തം ചെയ്യുന്നതിനായി ഫ്ലോറിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.
തുടര്‍ന്ന്, കല്യാണം വേണ്ടെന്ന് വച്ച് വധു വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന് പുറമെ, വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിനെതിരെ സ്ത്രീധന പരാതി നല്‍കി. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തിയത്.
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിന് പിന്നാലെ ഞായറാഴ്ചയോടെ വരന്റെ കുടുംബം വധുവിന്റെ കുടുംബത്തെ കാണുകയും പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, മോശം പെരുമാറ്റത്തില്‍ വീണ്ടും വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് വധു അറിയിക്കുകയായിരുന്നു.