inflation

ന്യൂഡൽഹി: പൊതുജനത്തിനും സാമ്പത്തിക ലോകത്തിനും ആശ്വാസം പകർന്ന് റീട്ടെയിൽ നാണയപ്പെരുപ്പം താഴേക്ക് നീങ്ങുന്നു. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം നവംബറിൽ 6.93 ശതമാനമായാണ് കുറഞ്ഞത്.

ഒക്‌ടോബറിൽ ഇത് 7.61 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം 11 ശതമാനത്തിൽ നിന്ന് 9.43 ശതമാനത്തിലേക്ക് താഴ്‌ന്നതാണ് പ്രധാന ആശ്വാസം. റീട്ടെയിൽ നാണയപ്പെരുപ്പം നാലു ശതമാനത്തിന് താഴെയായാൽ മാത്രമേ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകൂ. കഴിഞ്ഞമാസങ്ങളിൽ നാണയപ്പെരുപ്പം ഏഴ് ശതമാനത്തിനുമേൽ കുതിച്ചതിനാൽ കഴിഞ്ഞ ധനനയ നിർണയ യോഗങ്ങളിൽ പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല.

മൊത്തവില മേലോട്ട്

കഴിഞ്ഞമാസം മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ഒമ്പതുമാസത്തെ ഉയരമായ 1.55 ശതമാനത്തിലെത്തി. ഒക്‌ടോബറിൽ 1.48 ശതമാനമായിരുന്നു.