
ന്യൂഡൽഹി: ജിമെയിലും യൂട്യൂബും അടക്കമുള്ള ഗൂഗിൾ സേവനങ്ങൾ ഇന്നലെ ആഗോളതലത്തിൽ തടസപ്പെട്ടത് ഒട്ടേറെ ഉപഭോക്താക്കളെ വലച്ചു. സെർവർ തകരാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചോടെയായിരുന്നു തുടക്കം. ഇന്ത്യയ്ക്ക് പുറമേ ബ്രിട്ടനിലും അമേരിക്കയിലുമാണ് കൂടുതൽ പരാതികളുയർന്നത്.
വൈകിട്ട് 6.30ഓടെ പരമാവധി ഉപഭോക്താക്കൾക്ക് സേവനം തിരികെ ലഭ്യമാക്കിത്തുടങ്ങിയെന്ന് ഗൂഗിൾ വ്യക്തമാക്കി. ഗൂഗിൾ വെബ്‌സൈറ്റിന് പുറമേ ഗൂഗിൾ കോണ്ടാക്‌റ്റ്സ്, ഡ്രൈവ്, ഗൂഗിൾ പേ, ഡോക്‌സ്, ഗൂഗിൾ അസിസ്‌റ്റന്റ്, ഗൂഗിൾ കലണ്ടർ തുടങ്ങിയ സേവനങ്ങളും തടസപ്പെട്ടിരുന്നു. ലോഗിൻ ചെയ്‌ത ഉപഭോക്താക്കൾക്കെല്ലാം 'പ്രവർത്തനരഹിതം" എന്ന സന്ദേശമാണ് ലഭിച്ചത്.
ട്വിറ്ററിൽ ഉൾപ്പെടെ ഉപഭോക്താക്കളുടെ പരാതി പ്രവഹിച്ചതോടെ, പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു എന്ന മറുപടിയാണ് യൂട്യൂബ് ആദ്യം നൽകിയത്. വൈകിട്ട് ആറരയോടെ പ്രശ്‌നം പരിഹരിച്ചതായി ഗൂഗിൾ വർക്ക് ഫോഴ്‌സും ട്വീറ്റ് ചെയ്‌തു.
നവംബറിലും ആഗോളതലത്തിൽ യൂട്യൂബിന്റെ പ്രവർത്തനം തടസപ്പെട്ടിരുന്നു. രണ്ടുമണിക്കൂറോളമാണ് അന്ന് സ്‌തംഭിച്ചത്. തുടർന്ന്, പ്രശ്നം പരിഹരിച്ചെങ്കിലും പ്രവർത്തനതടസത്തിന്റെ കാരണം യൂട്യൂബ് വ്യക്തമാക്കിയിരുന്നില്ല.