covid-vaccine

വാഷിംഗ്ടണ്‍: വിതരണത്തിനായുള്ള ഫ്രീസു ചെയ്ത കൊവിഡ് വാക്സിൻ അമേരിക്കയില്‍ എത്തിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് വിവരം പുറത്ത് വിട്ടത്. യു എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പാണ് ആരംഭിക്കുന്നത്. കഴിഞ്ഞയാഴ്ച വാക്‌സിനേഷന്‍ ആരംഭിച്ച യുകെ ഉള്‍പ്പെടെയുള്ള മറ്റ് പല രാജ്യങ്ങളും വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തീവ്ര തണുത്തുറഞ്ഞ താപനിലയില്‍ തുടരുന്നതിന് ഡ്രൈ ഐസ് നിറച്ച ഏകദേശം 3 ദശലക്ഷം ഡോസുകള്‍ ട്രക്ക്, വിമാന മാർഗങ്ങളിലൂടെ ഞായറാഴ്ച മിഷിഗനിലെ ഫാക്ടറിയിൽ നിന്നാണ് പുറപ്പെട്ടത്. വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍, ഡോസുകളുടെ വിതരണത്തിൽ ഓരോ സംസ്ഥാനത്തിനും തീരുമാനമെടുക്കാം.

ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം പ്രതിരോധ കുത്തിവയ്പ് നല്‍കുക. കഴിഞ്ഞ ദിവസമാണ് ഫൈസറിന്റെ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയത്.വാക്സിന്‍ കൊവിഡിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 16 വയസിനു മുകളിലുള്ളവരില്‍ ഉപയോഗിക്കുന്നതിനാണ് അനുമതി നല്‍കിയത്.

ഫൈസര്‍ വാക്സിന്‍ 95 ശതമാനവും ഫലപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇന്ത്യയില്‍ ഫൈസര്‍ അധികൃതര്‍ നല്‍കിയ അപേക്ഷയ്ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഇത് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ പരിഗണനയിലാണ്.