
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ടെന്നും പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ടാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി ചോദിക്കുന്നു.
സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യമുണ്ടെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതല ഏൽപ്പിക്കണമെന്ന് താൻ ഡിജിപിയോട് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രൻ പറയുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
കുറിപ്പ് ചുവടെ:
'ആദരാഞ്ജലികൾ. ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു.'