
കേരളത്തിലെ നിരവധി രജിസ്റ്റർ ചെയ്യപ്പെട്ട അസ്സൽ ആധാരങ്ങൾ തിരികെ ലഭിക്കാത്തവിധം നശിച്ചുപോവുകയോ നഷ്ടപ്പെട്ടുപോവുകയോ ചെയ്തിട്ടുണ്ട്. ഇവയുടെ ശരിപ്പകർപ്പുകൾ രജിസ്റ്റർ ഓഫീസിൽ നിന്നും ലഭിക്കുകയും ചെയ്യും.
എന്നാൽ ഈ പകർപ്പുകൾക്ക് അസ്സൽ ആധാരത്തിന്റെ വിലയില്ല. ഇതുമൂലം പ്രസ്തുത സ്ഥലം വിറ്റ് കൈമാറുന്നതിനോ, ബാങ്കുകളിൽ പണയപ്പെടുത്തുന്നതിനോ, തുടങ്ങിയ ആവശ്യങ്ങൾക്ക് സാധിക്കുന്നില്ല. ഇതുമൂലം ലക്ഷക്കണക്കിന് ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
നിയമപരമായ തടസങ്ങൾ ഒഴിവാക്കി കുറ്റമറ്റ രീതിയിൽ അസ്സൽ ആധാരത്തിന്റെ വിലയുള്ള ഒരു ബദൽ ഏർപ്പാട് ലഭിക്കുന്നതിന് വേണ്ട നിയമ ഭേദഗതികൾ അടിയന്തരമായി നടപ്പാക്കേണ്ടതാണ്. റവന്യൂ, രജിസ്ട്രേഷൻ, നിയമ വകുപ്പുകൾ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
അഡ്വ. വി.എഫ്. അരുണാകുമാരി,
ഇടുക്കി
ഓർമ്മയിലെ വിമോചന സമരം
''ചാക്കോ നാടു ഭരിക്കട്ടെ, ചാത്തൻ പൂട്ടാനും പോകട്ടെ" എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച കത്താണ്ഈ പ്രതികരണത്തിനാധാരം. (25-11-20) ലോകത്തിൽ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ 1959ൽ നടന്ന വിമോചന സമരത്തിൽ മുഴങ്ങിക്കേട്ട ചില മുദ്രാവാക്യങ്ങളാണ് കത്തിന്റെ പ്രമേയം. വിമോചന സമരത്തിന് നേതൃത്വം നൽകിയ ഹിന്ദുക്കളിലെ ചില സവർണ വിഭാഗത്തിന്റെയും ക്രിസ്ത്യൻ വിഭാഗത്തിന്റെയും ഉള്ളിലിരുപ്പ് തുറന്നുകാട്ടുന്നതായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങൾ.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 1957 ഏപ്രിൽ അഞ്ചിന് അധികാരമേറ്റ സർക്കാർ ആദ്യം ചെയ്തത് കുടിയൊഴിപ്പിക്കൽ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക എന്നതായിരുന്നു. തുടർന്ന് സ്വകാര്യ സ്കൂൾ മാനേജർമാരുടെ തോന്ന്യാസത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ജോസഫ് മുണ്ടശ്ശേരി തയ്യാറാക്കിയ വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ വിപ്ളവകരങ്ങളായ വേറെയും നടപടികൾ സ്വീകരിച്ചു. ഇതൊന്നും പിന്തിരിപ്പൻ ശക്തികൾക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എങ്ങനേയും ഇ. എം.എസ് സർക്കാരിനെ താഴെ ഇറക്കണമെന്ന് അവർ തീരുമാനിച്ചു. അവരോടൊപ്പം ചില്ലറ നേട്ടങ്ങൾക്കു വേണ്ടി ചില പാരമ്പര്യവാദികളും ചേർന്നു. അങ്ങനൊണ് 'വിമോചന സമരം" എന്ന് അറിയപ്പെട്ട സമരാഭാസം അരങ്ങേറിയത്. വിദ്യാഭ്യാസത്തെ കച്ചവടമായി മാറ്റിയ ചിലരായിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. ദേവാലയത്തിൽ പോകാൻ മാത്രം പുറത്തിറങ്ങാറുള്ള കുടുംബിനികൾ പോലും മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുകയുണ്ടായി. അന്നത്തെ മുദ്രാവാക്യങ്ങളുടെ സാംസ്കാരിക നിലവാരം തിരിച്ചറിയാൻ രണ്ടെണ്ണം മാത്രം ഇവിടെ ചേർക്കാം.
''നാടു ഭരിക്കാൻ കഴിവില്ലെങ്കിൽ
പോയി താടിവടിക്കു നമ്പൂരി"
മറ്റൊന്ന്
''തൂങ്ങിച്ചാകാൻ കയറില്ലെങ്കിൽ
പൂണിലില്ലേ നമ്പൂരീ"
അന്നുകേട്ട മറ്റു ചില മുദ്രാവാക്യങ്ങൾ സഭ്യതയുടെ എല്ലാ പരിധിയും ലംഘി ക്കുന്നതാണ്.
വി.എസ്. ബാലകൃഷ്ണപിള്ള
മണക്കാട്, തൊടുപുഴ
ഓൺലൈൻ പരീക്ഷ നടത്തണം
തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, കൂടൽ മാണിക്യം ദേവസ്വം ബോർഡ് എന്നീ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഈ തസ്തികകളിലേക്ക് ഓൺലൈൻ സംവിധാനത്തിൽ പരീക്ഷ നടത്തി, വേഗത്തിൽ റിസൽട്ട് പ്രസിദ്ധീകരിച്ച് നിയമനം നടത്താൻ വേണ്ടി ദേവസ്വം നടപടി സ്വീകരിക്കണം.
ഉദ്യോഗാർത്ഥികൾ, തിരുവനന്തപുരം
തുറന്നിട്ട ജാലകങ്ങളെക്കുറിച്ച്
ഡോ. ബി. സന്ധ്യ ഐ.പി.എസിന്റെ തുറന്നിട്ട ജാലകങ്ങൾ എന്നലേഖനം സശ്രദ്ധം വായിച്ചു. പൊലീസ് ഡിപ്പാർട്ട്മെന്റിൽ അത്യുന്നത സ്ഥാനിയായ ലേഖികയുടെ ലേഖന പരമ്പര അറിവ് മാത്രമല്ല അപാരമായ സാമൂഹ്യബോധത്തെയും ഇളം തലമുറകളോടുള്ള പ്രതിബദ്ധതയേയും കാണിച്ചുതരുന്നു.
പ്രകൃതിസ്നേഹം നമ്മുടെ കുട്ടികളിൽ വളരെ ചെറുപ്പത്തിൽ, അതായത് അഞ്ച് വയസ് മുതൽ 13 വയസുവരെ എങ്ങനെ സൃഷ്ടിക്കാമെന്ന് ലേഖനത്തിൽ ഉദാഹരണസഹിതം വിവരിക്കുന്നുണ്ട്. അതോടുകൂടി ഒരു ചെറിയ നിർദ്ദേശം കൂടി വയ്ക്കുകയാണ്. മരം വച്ചു പിടിപ്പിക്കൽ നിർബന്ധമായും ഒരു പ്രോജക്ടായി സ്കൂൾ തലത്തിൽ തുടങ്ങുകയാണെങ്കിൽ അതിന്റെ പ്രയോജനം സ്വഭാവരൂപീകരണത്തിൽ മാത്രമല്ല; ലേഖിക സൂചിപ്പിച്ചതുപോലെ പ്രകൃതിയെ സ്നേഹിക്കാനും കുട്ടികളുടെ ഊർജ്ജം ശരിയായ തലത്തിൽ ക്രോഡീകരിക്കാനും പ്രയോജനപ്പെടുത്താം.
വളർന്നുകഴിഞ്ഞ ഓരോ മരത്തിനും കർണാടകയിൽ സർക്കാർ 125 രൂപ സബ്സിഡി നൽകുന്നുണ്ട്. എന്തുകൊണ്ട് നമുക്കും അത്തരം ഒരു സംരംഭം തുടങ്ങിക്കൂടാ. കൂടുതൽ മരം വച്ചുപിടിപ്പിക്കുന്ന കുട്ടികൾക്ക്മത്സരത്തിലെന്നപോലെ പ്രത്യേകം സമ്മാനവും ഏർപ്പെടുത്താവുന്നതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധ ഇതിൽ പതിയുകയാണെങ്കിൽ അതിന്റെ പ്രയോജനം കുട്ടികൾക്കും സമൂഹത്തിനും രാജ്യത്തിനും ഉണ്ടാകുന്ന നേട്ടങ്ങൾ വിലമതിക്കാൻ പറ്റാത്തതാണ്.
ഡോ. വി.വി. ഹരിദാസ്
കെ.വി.എം ആശുപത്രി
ചേർത്തല