
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 78 ശതമാനത്തിന് മുകളിലാണ് പോളിംഗ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവസാനഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ഒരിടത്തും റീ പോളിംഗ് ഇല്ലെന്നും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പതിനാറാം തീയതിയാണ് വോട്ടെണ്ണല്‍.
മൂന്നാംഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. മലപ്പുറവും കോഴിക്കോടുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നില്‍. രണ്ടിടത്തും 78.1 ശതമാനമാണ് പോളിംഗ് ശതമാനം. കണ്ണൂര്‍ 77.6, കാസര്‍കോട് 76.3. കോഴിക്കോട് കോര്‍പറേഷനില്‍ 64.4 ശതമാനവും കണ്ണൂര്‍ കോര്‍പറേഷനില്‍ 63 ശതമാനവുമാണ് പോളിംഗ്. മുന്‍സിപ്പാലിറ്റികളില്‍ കണ്ണൂരിലെ ആന്തൂരിലാണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്, 85 ശതമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ ആദ്യ മണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തി.
വോട്ടിങ്ങിനിടെ പല സ്ഥലത്തും സംഘര്‍ഷമുണ്ടായി. നാദാപുരത്ത് സംഘര്‍ഷത്തെ തുടര്‍ന്ന പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പൊലീസ് ലാത്തിവീശി.
കണ്ണൂരും മലപ്പുറത്തും കള്ളവോട്ട് ആരോപണം ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ആലക്കാട് ആറാം വാര്‍ഡിലാണ് പതിനാറുകാരന്‍ പിടിയിലായത്. പ്രവാസിയായ സഹോദരന്റെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനെത്തിയ 16 കാരനെ പോളിംഗ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു.
കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാര്‍ഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തത്. ചിറ്റാരിക്കടവില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്.