iphone

ബംഗളൂരു: ശമ്പളം നൽകുന്നില്ലെന്ന് ആരോപിച്ച് ഐഫോൺ പ്ലാന്റ് അടിച്ചു തകർത്ത സംഭവത്തിൽ 156
ജീവനക്കാർ അറസ്റ്റിൽ. താ‍യ്‌വാൻ കമ്പനിയായ വിസ്ട്രോൺ കോർപിന്റെ കോലാർ നരസാപുരയിലെ
ഐഫോൺ നിർമാണ പ്ലാന്റാണ് ജീവനക്കാർ അടിച്ചു തകർത്തത്. ആക്രമണത്തിൽ 440 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായും ആയിരത്തോളം ഐഫോണുകൾ മോഷണം പോയതായും കമ്പനി അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് ശമ്പളം നൽകിയില്ലെന്ന് ആരോപിച്ച് ആയിരത്തോളം ജീവനക്കാർ പ്ലാന്റിന് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീവയ്ക്കുകയും ചെയ്‌തത്. ഫാക്‌ടറിക്ക് ഉള്ളിൽ കടന്ന തൊഴിലാളികൾ ഫർണിച്ചറുകൾ നശിപ്പിച്ചതായും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ കമ്പനിക്ക് പൂർണ സുരക്ഷ ഉറപ്പുനൽകി സർക്കാർ രംഗത്തെത്തി. അക്രമത്തിനു നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടർ പറഞ്ഞു.

അതേസമയം മാസങ്ങളോളം ശമ്പളം നൽകിയില്ലെന്നും 12 മണിക്കൂറിലേറെ ജോലി ചെയ്യിപ്പിക്കുന്നുവെന്നുമാണ് ജീവനക്കാർ പറയുന്നത്. ഇത് സംബന്ധിച്ച പരാതിയുമായി ജീവനക്കാർ ലേബർ കമ്മീഷണറെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.