
ന്യൂഡൽഹി : കർഷക സമരം ശക്തമാകുന്നതിനിടെ, മറ്റ് കർഷക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. മുൻ എം.പി ഭൂപീന്ദർ മാന്റെ നേതൃത്വത്തിലുള്ള ആൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള പത്തു കർഷകസംഘടനകളുടെ നേതാക്കൾ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. കേരള,തമിഴ്നാട്, തെലങ്കാന, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടിക്കാഴ്ച നടത്തിയത്.
ഞായറാഴ്ച ഉത്തരാഖണ്ഡിൽ നിന്നുള്ള നൂറു കർഷകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരിയാനയിലെ 29 കർഷകപ്രതിനിധികളും മന്ത്രിയെ സന്ദർശിച്ചു. കർഷകരുടെ പിന്തുണയില്ലാത്ത കടലാസ് സംഘടനകളാണ് കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് സമരക്കാർ പ്രതികരിച്ചു.