
തിരുവനന്തപുരം- സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത് വിപുല സജ്ജീകരണങ്ങൾ. നാളെ രാവിലെ എട്ടിനാണ് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുക. ഇപ്പോഴത്തെ നിലയനുസരിച്ച് വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ പത്തരയോടെ മാത്രമേ എണ്ണിതുടങ്ങൂ. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങൾ രാവിലെ അണുവിമുക്തമാക്കും. കൗണ്ടിംഗ് ഓഫീസർമാർ കയ്യുറയും മാസ്‌കും ഫേസ് ഷീൽഡും ധരിക്കും. കൗണ്ടിംഗ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂർ 20, കാസർഗോഡ് 9
 തത്സമയത്തിന് 'ട്രെൻഡ്'
തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെൻഡ് വെബ്‌സൈറ്റ് സജ്ജമായി. നാളത്തെ വോട്ടെണ്ണൽ പുരോഗതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വെബ്‌സൈറ്റിൽ തത്സമയം ലഭിക്കും. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് സൈറ്റിൽ അറിയാം. ഓരോ തദ്ദേശ സ്ഥാപനത്തിലെയും വോട്ടെണ്ണൽ നില വാർഡുകളിലെ പോളിംഗ് സ്‌റ്റേഷൻ അടിസ്ഥാനത്തിലും മനസിലാക്കാം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി) വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ജില്ലകളിലെ പോളിംഗ് ശതമാനം
ബ്രാക്കറ്റിൽ 2015ലെ പോളിംഗ്
തിരുവനന്തപുരം 70.04 (71.9)
കൊല്ലം 73.80 (74.9)
പത്തനംതിട്ട 69.72 (72.05)
ആലപ്പുഴ 77.40 (79.7)
ഇടുക്കി 74.68 (79.7)
കോട്ടയം 73.95 (78.3)
എറണാകുളം 77.25 (78.5)
തൃശ്ശൂർ 75.10 (76.5)
പാലക്കാട് 78.14 (78.9)
വയനാട് 79.49 (81.5)
മലപ്പുറം 78.87 (79.7)
കോഴിക്കോട് 79.00 (80.1)
കണ്ണൂർ 78.57 (78.9)
കാസർകോട് 77.17 (77.6)
തിരഞ്ഞെടുപ്പ് നടന്നത്
941 ഗ്രാമപഞ്ചായത്തുകളിലെ 15959 വാർഡുകൾ, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ, 14 ജില്ലാപഞ്ചായത്തുകളിലെ 331 വാർഡുകൾ, 87 മുനിസിപ്പാലിറ്റികളിലെ 3112 വാർഡുകൾ, 6 കോർപറേഷനുകളിലെ 413 വാർഡുകൾ.