
മലപ്പുറം: 'ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല' എന്ന ഹിറ്റ് വാചകത്തിലൂടെ സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും പ്രശസ്തി നേടിയ മലപ്പുറത്തുകാരൻ ബാലൻ ഫായിസിന്റെ വീട് മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചുവെന്ന് തെറ്റായ ഫേസ്ബുക്ക് പോസ്റ്റിട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ.
ഇക്കാര്യം നിഷേധിച്ചുകൊണ്ട് ഫായിസിന്റെ കുടുംബം രംഗത്തെത്തിയതോടെ എം.എൽ.എ തന്റെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ലീഗ് പ്രവർത്തകർ തങ്ങളുടെ വീട് ആക്രമിച്ചിട്ടില്ലെന്നും സിപിഎം പ്രവർത്തകർക്ക് നേരെ എറിയപ്പെട്ട കല്ലുകൾ തങ്ങളുടെ വീടിന് മേൽ പതിക്കുകയായിരുന്നു എന്നാണ് ഫായിസിന്റെ വീട്ടുകാർ പറയുന്നത്.
ഒരു സ്വകാര്യ മലയാളം വാർത്താ ചാനലിനോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ലീഗ് പ്രവര്‍ത്തകര്‍ ഫായിസിന്റെ വീട് ആക്രമിച്ചെന്ന തരത്തിൽ തിങ്കളാഴ്ച വൈകിട്ടോടെ സോഷ്യൽ മീഡിയയിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പിവി അന്‍വര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇത് സംബന്ധിച്ച ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തിരുന്നത്.