
എനിക്ക് ഗുരുസ്ഥാനീയനാണ് പി.കൃഷ്ണമൂർത്തി സാർ. സിനിമ പറയുന്നത് പഴയ കാലഘട്ടത്തിന്റെ കഥയാണെങ്കിൽ കലാസംവിധാനം ചെയ്യാൻ പി.കൃഷ്ണമൂർത്തി തന്നെ വേണം. സ്വാതിതിരുനാളിലും വൈശാലിയിലും ഒരു വടക്കൻ വീരഗാഥയിലും കുലത്തിലുമൊക്കെ കലാസംവിധാനം ചെയ്യാൻ അദ്ദേഹത്തെ ക്ഷണിക്കുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നു ഞാനേറെ പഠിച്ചു. അദ്ദേഹം ചിത്രകാരൻ കൂടിയായിരുന്നു. സിനിമയിൽ വസ്ത്രാലങ്കാരവും ആഭരണങ്ങളുടെ ഡിസൈനും അദ്ദേഹം തന്നെ നിർവഹിച്ചു. കലാസംവിധാനം സർഗാത്മകം മാത്രമല്ല, പലപ്പോഴും ഗവേഷണം കൂടി വേണ്ടിവരും. പഴയ കാലത്തെ പുനഃസൃഷ്ടിക്കുമ്പോൾ ആ കാലത്തിനൊപ്പം സഞ്ചരിക്കുക ഒരു വെല്ലുവിളിയാണ്. അത്തരം വെല്ലുവിളികളെ പലവട്ടം നേരിട്ട് വിജയിച്ച ആളാണ് പി.കൃഷ്ണമൂർത്തി. നൂറ്റാണ്ടുകൾക്ക് പിറകിലെ ഒരു കാലഘട്ടമാണ് വൈശാലിയുടെ കഥാ പശ്ചാത്തലം. ഭരതൻ സാറിന്റെ സ്‌കെച്ചുകളെ കൂടി ആശ്രയിച്ചാണ് കൃഷ്ണമൂർത്തി സാർ വൈശാലിയുടെ സെറ്റ് ഒരുക്കിയത്. കൊട്ടാരങ്ങളും തോണികളും യാഗശാലയും അങ്ങനെ ആ സിനിമയിലുള്ളതെല്ലാം അതി മനോഹരമായിരുന്നു. ഒരു പ്രതിഭാശാലിക്കു മാത്രമേ അത് സാധിക്കുകയുള്ളൂ. ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻവീരഗാഥയിലെ ഓരോ ഫ്രെയിമും മനോഹരമാണ്. ലെനിൻ രാജേന്ദ്രൻ ഒരുക്കിയ കുലത്തിലും ആർ. സുകുമാരൻ ഒരുക്കിയ രാജശില്‌പിയിലുമെല്ലാം ഈ പ്രതിഭാവിലാസം കാണാം. 1993ൽ ഞാൻ വർക്ക് ചെയ്യുന്ന 'സോപാന'ത്തിന്റെ ഒറ്റപ്പാലത്തെ ലൊക്കേഷനിൽ അദ്ദേഹം വന്നിരുന്നു. സെറ്റ് കണ്ട് വിലയിരുത്തി. മനോഹരമാണെന്ന് തുറന്നു പറയുകയും ചെയ്തു. 1989ൽ ഒരു വടക്കൻവീരഗാഥയുടെ പോസ്റ്ററിൽ കലാസംവിധായകനായ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. മറ്റ് പിന്നണിക്കാരായ മിക്കവരുടെയും പേരണ്ടായിരുന്നുതാനും. അന്ന് സുനിൽ സംവിധാനം ചെയ്യുന്ന 'ഭരണകൂടം' എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഞാൻ . കലാസംവിധായകന്റെ പേര് പോസ്റ്ററിൽ ചേർക്കാത്തത് നീതികേടാണെന്ന് ഞാൻ അവിടെ പറഞ്ഞു. പിന്നെ മറ്റ് പലയിടത്തും. അത് വലിയ ചർച്ചയായി. പിന്നീടാണ് പോസ്റ്ററിൽ കലാസംവിധായകന്റെ പേരുകൂടി ചേർത്തു തുടങ്ങിയത്.