covid

ലണ്ടൻ:സൗത്ത് ലണ്ടനിൽ കൊവിഡ് വെെറസിന്റെ പുതിയ വകഭേദം ശാസ്‌ത്രജ്ഞ‌ർ കണ്ടെത്തിയതായി യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ഇത് അണുബാധ വളരെ വേഗം വ്യാപിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് ഗുരുതരമായ രോഗത്തിന് കാരണമാകില്ലെന്നും മാറ്റ് പറഞ്ഞു.

ലണ്ടൻ നഗരത്തിൽ ദിനംപ്രതി കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്നും വെെറസ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ ലണ്ടനിൽ ടയർ 3 നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനാൽ തന്നെ പബ്ബുകൾ, തിയേറ്ററുകൾ, ഹോട്ടലുകൾ എന്നിവ അടഞ്ഞു കിടക്കും.നിലവിൽ ലണ്ടനിൽ ടയർ 2 നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഫെെസറിന്റെ കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് യു.കെ അനുമതി നൽകിയിരുന്നു. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഏറെ ഫലപ്രദമാണെന്നത് ശുഭപ്രതീക്ഷ നൽകുന്നുവെന്നും ഇത് പരാജയപ്പെടാൻ സാദ്ധ്യതയില്ലെന്നും മാറ്റ് ഹാൻ‌കോക്ക് കൂട്ടിച്ചേർത്തു.