
മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികൾ ഉപരോധിച്ചുള്ള 'ദില്ലി ചലോ' കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. 600 ഓളം കർഷക സംഘടനകൾ സംയുക്ത കിസാൻ മോർച്ചയ്ക്ക് കീഴിൽ നടത്തുന്ന സമരം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്ക് പുറമെ യു.പി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ സമരത്തിന് പിന്തുണയുമായി എത്തുന്നു.
കാർഷിക മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിട്ടുള്ള ദി ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ്, അവശ്യവസ്തു (ഭേദഗതി) നിയമങ്ങളെയാണ് കർഷകർ എതിർക്കുന്നത്.
വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിന്റെ കരടിനെയും കാർഷിക വിളകളുടെ അവശിഷ്ടം കത്തിച്ചാൽ ഒരു കോടിയോളം രൂപ വരെ പിഴയും കർഷക സംഘടനകൾ എതിർക്കുന്നു.
ഇതൊരു പഞ്ചാബ് ഹരിയാന വിഷയമല്ലെന്ന് സമര മുന്നണിയിൽ പ്രവർത്തിക്കുന്ന കർഷക സംഘടനാ നേതാക്കളായ അഖിലേന്ത്യ കിസാൻസഭ ദേശീയ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി ബിജുവും കേരളകൗമുദിയോട് പറഞ്ഞു.
കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള നിയമം : വിജു കൃഷ്ണൻ
കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള ഒരു പാക്കേജാണ് പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായി പാസാക്കിയ പുതിയ മൂന്നു കാർഷിക നിയമങ്ങളും. ഇവ പിൻവലിക്കും വരെ കർഷകർ സമരം തുടരും.
കർഷകർക്ക് താങ്ങുവിലയോ, മെച്ചപ്പെട്ട വിലയോ ഉറപ്പാക്കാനുള്ള ഒരു വകുപ്പും പുതിയ നിയമത്തിലില്ല. ഉത്പന്നങ്ങളുടെ വില താങ്ങുവിലയെക്കാൾ കുറയുന്നില്ലെന്ന് ഉറപ്പാക്കാനും വകുപ്പില്ല. വില നിയന്ത്രിക്കുന്നതിൽ നിന്ന് സർക്കാർ പൂർണമായും പിൻവാങ്ങുകയാണ്.
തുടക്കത്തിൽ മെച്ചപ്പെട്ട വില കർഷകന് വൻകിട കമ്പനികൾ നൽകിയേക്കാം. എന്നാൽ ക്രമേണ കമ്പനികളുടെ നിയന്ത്രണത്തിലാകുന്നതോടെ അവർ പറയുന്ന വിലയ്‌ക്ക് ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർ നിർബന്ധിതരാവും. ഈ സാഹചര്യത്തിൽ കോടതിയിൽ പോകാൻ പോലും സാധിക്കില്ല. ഇപ്പോഴത്തെ സമരത്തിന്റെ അടിസ്ഥാനത്തിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പകരം കോടതിയിൽ പോകാനുള്ള വകുപ്പ് കൊണ്ടുവരാമെന്ന് കേന്ദ്രം പറയുന്നത്. വളം, വിത്ത് തുടങ്ങിവയുടെ വിലയും കമ്പനികൾ നിർണയിക്കും. ചതിയിൽപ്പെടുന്ന കർഷകന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഭൂമി വിൽക്കുക എന്ന ഒറ്റവഴി മാത്രമേ മുന്നിലുണ്ടാകൂ. താങ്ങുവില എഴുതി ഉറപ്പ് തരുമെന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. എഴുതി നൽകുന്നതിനോ വാക്കാൽ പറയുന്നതിനോ വിലയില്ല. നിയമ പരിരക്ഷയാണ് കർഷകർക്ക് വേണ്ടത്.
കാർഷിക മേഖലയ്‌ക്കുള്ള സബ്സിഡി, ഭക്ഷ്യസുരക്ഷയ്‌ക്കുള്ള സബ്സിഡി, പൊതുസംഭരണം തുടങ്ങിയവയിൽ നിന്ന് പിൻമാറണമെന്ന് ഐ.എം.എഫ്, ലോകബാങ്ക്, ഡബ്യു.ടി.ഒ തുടങ്ങിയവ ഇന്ത്യയ്‌ക്കു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ്
എല്ലാ ഉപഭോക്താക്കളെയും ബാധിക്കുന്ന വളരെ അപകടകരമായ അവശ്യവസ്തു നിയമഭേദഗതി നിയമം കേന്ദ്രം കൊണ്ടുവന്നത്. ഭക്ഷ്യധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ, എണ്ണക്കുരു, ഉരുളക്കിഴങ്ങ് , ഉള്ളി എന്നിവ അവശ്യവസ്തു പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇനി ഇവ കണക്കില്ലാതെ സംഭരിക്കാം. അദാനിയൊക്കെ തുടങ്ങുന്നത് വമ്പൻ സംഭരണശാലകളാണ്. അവർക്ക് ഇനി എത്രവേണമെങ്കിലും സംഭരിക്കാം. കൃത്രിമ ക്ഷാമമുണ്ടാക്കി കൂടിയ വിലയ്‌ക്ക് വിൽക്കാം. ഈ നിയമം വരുന്നതിന് മുൻപ് തന്നെ വമ്പൻ ഗോഡൗണുകളുണ്ടാക്കാൻ ഇരുപതോളം സ്ഥലങ്ങളിൽ ഭൂമി ചെറിയ വിലയ്‌ക്ക് കൈമാറി കേന്ദ്രം അദാനിക്ക് പരവതാനി വിരിച്ചു.
സർക്കാർ നിയന്ത്രണത്തിലുള്ള കാർഷികോത്പാദന വിപണന ചന്തകൾ (എം.പി.എം.സി) പഞ്ചാബിലും ഹരിയാനയിലും കൂടുതൽ ശക്തമാണ്. അവിടെയാണ് കൂടുതൽ സംഭരിക്കപ്പെടുന്നതും. അതുകൊണ്ടാണ് ഈ പ്രക്ഷോഭം വലിയ രീതിയിൽ ആ സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്നുവന്നിരിക്കുന്നത്. പോരായ്‌മകൾ തിരുത്തി എ.പി.എം.സി മാർക്കറ്റുകൾ ശക്തിപ്പെടുത്തണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
എം.പി.എം.സികൾ നല്ലതാണെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ പോലുള്ളവർ ചോദിക്കുന്നതിൽ അർത്ഥമില്ല. ഒരുകാര്യം
കേരളത്തിൽ നാണ്യവിളകൃഷിയാണ് കൂടുതലും. അതിനെല്ലാം ടീ ബോർഡ്, കോഫി ബോർഡ്, റബ്ബർ ബോർഡ് ഇങ്ങനെ കേന്ദ്രസർക്കാർ നിയന്ത്രിത ബോർഡുകളുണ്ട്. അവയിലും വെള്ളം ചേർത്ത് പേരിന് മാത്രമായി ഒതുക്കുകയാണ്. കേന്ദ്രം നിശ്ചയിച്ചതിനെക്കാൾ കൂടുതൽ താങ്ങുവില നൽകിയാണ് കേരളത്തിൽ നെല്ല് സംഭരിക്കുന്നത്. ക്വിന്റലിന് 2750 രൂപ. എ.പി.എം.സിയോ, സർക്കാർ സംവിധാനമോ ഇല്ലാത്ത ബീഹാറിലടക്കം ആയിരത്തിനും മറ്റുമാണ് നെല്ല് കർഷകർ വിൽക്കുന്നത്.
സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണം : കെ.വി ബിജു
ഇതൊരു പഞ്ചാബ് ഹരിയാന വിഷയമായി ചുരുക്കി കാണാനാവില്ല. രാജ്യത്തെ കാർഷിക മേഖലയെ ആകെ തകർക്കുന്നതാണ് പുതിയ നിയമങ്ങൾ. കാർഷിക മേഖലയിലും ചെറുകിട വ്യാപാര മേഖലയിലും കുത്തകവത്കരണത്തിനും വഴിയൊരുക്കും.
കൃഷി സംസ്ഥാന വിഷയമാണ്. അതിൽ കേന്ദ്രത്തിന് ഇടപെടാൻ അധികാരമില്ല. പൂർണമായും സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണം. സംസ്ഥാനങ്ങളുടെ എ.പി.എം.സി ആക്ടുകൾ ശക്തമാക്കണമെന്നതാണ് കർഷക സംഘടനകളുടെ ആവശ്യം.
സംസ്ഥാനങ്ങളെ മറികടന്നാണ് കേന്ദ്രം നിയമം കൊണ്ടുവന്നത്. കേരളത്തിൽ അരിക്ക് 26.75 രൂപയാണ് താങ്ങുവില. മറ്റു സ്ഥലങ്ങളിൽ 18 രൂപയാണ്. ഉത്പാദനച്ചെലവ് അനുസരിച്ചാണ് താങ്ങുവില നിശ്ചയിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ഉത്പാദന ചെലവും കാർഷിക സാഹചര്യവും വ്യത്യസ്തമാണ്. അതുകൊണ്ടാണ് കൃഷിയുടെ കാര്യത്തിൽ തീരുമാനം പൂർണമായും സംസ്ഥാനം തന്നെ തീരുമാനിക്കണമെന്ന് പറയുന്നത്. അതുപോലെ
റീട്ടെയിൽ മേഖലയിലെ കുത്തകവത്കരണം, വ്യാപാരിയെ മാത്രമല്ല കർഷകനെയും ബാധിക്കും.
അവശ്യവസ്തുനിയമ ഭേദഗതി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഗുരുതരമായി ബാധിക്കും. ചെറുകിട വ്യാപാര മേഖലയിലെ കോർപറേറ്റ്‌വത്കരണവും ഭാവിയിൽ തിരിച്ചടിയാകും.
സാഹചര്യമനുസരിച്ച് സമര രൂപങ്ങൾ തീരുമാനിക്കും. ഡൽഹിയിൽ ഉപരോധം ശക്തമാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമരം തുടങ്ങി. ദക്ഷിണേന്ത്യയിലെ എല്ലാ ജില്ലകളിലും സമരമുണ്ടാകും. ഉത്തരേന്ത്യയിൽ നിന്നുള്ളവർ ഡൽഹി കേന്ദ്രീകരിച്ചും സമരം ശക്തമാക്കും.