
ചെന്നെെ:2021ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച് ഉലകനായകൻ കമൽ ഹാസൻ. എന്നാൽ ഏത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് കമൽ ഹാസൻ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകളും കമൽ നൽകി.
"വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ തീർച്ചയായും മത്സരിക്കും, ഞാൻ മത്സരിക്കുന്ന നിയോജകമണ്ഡലത്തെക്കുറിച്ച് പിന്നീട് പ്രഖ്യാപിക്കും." കമൽ ഹാസൻ പറഞ്ഞതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മക്കൾ നീദി മായം എന്ന പാർട്ടി 2018ലാണ് കമല ഹാസൻ രൂപീകരിച്ചത്.
അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മധുര, തേനി, ദിണ്ടിഗുൾ, വിരുദുനഗർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി എന്നീ ജില്ലകളിൽ കമൽ ഹാസൻ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
"മധുരയെ തമിഴ്‌നാടിന്റെ രണ്ടാം തലസ്ഥാനമായി സ്ഥാപിക്കുകയെന്നത് എം.ജി.ആറിന്റെ സ്വപ്നമായിരുന്നു.ആ സ്വപ്നം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും. എം.എൻ.എം അധികാരത്തിൽ വന്നാൽ മധുരയെ തമിഴ്‌നാടിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കും." കമൽ ഹാസൻ പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എം.എൻ.എമ്മിന് സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം നിലനിറുത്താൻ സാധിച്ചിരുന്നില്ല.