aims

ന്യൂഡൽഹി: എയിംസിൽ നഴ്സുമാർ നടത്തുന്ന സമരത്തിൽ അന്ത്യശാസനവുമായി കേന്ദ്രസർക്കാർ. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആശുപത്രിയിലെ സേവനങ്ങൾക്ക് തടസമില്ലാതെയിരിക്കാൻ നടപടി സ്വീകരിക്കാനും എയിംസ് അധികൃതർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ മുതലാണ് നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ജീവനക്കാരെ അനുനയിപ്പിക്കാൻ എയിംസ് അധികൃതർ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്‌ടർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ അത് തളളുകയായിരുന്നു. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചാണ് സമരം നടക്കുന്നത്.

ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുമ്പ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.