election

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതീക്ഷകൾ പങ്കുവച്ച് കക്ഷി നേതാക്കൾ. തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേതിനെക്കാൾ മുന്നേറ്റമുണ്ടാകുമെന്ന് എൽ ഡി എഫ് കൺവീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. കൂടുതൽ ജില്ലാ പഞ്ചായത്തുകളിൽ ഇടത് മുന്നണി ഭരണം ഉറപ്പാണ്. കേരളാ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി പിടിക്കില്ല. തലസ്ഥാനത്ത് ബി ജെ പി ജയിച്ചാൽ മറ്റൊരു സന്ദേശമാകും നൽകുന്നത്. അതിനാൽ ബി ജെ പിയെ തടയാൻ സ്ഥാനാർത്ഥി നിർണയം അടക്കമുളള മേഖലകളിൽ എല്ലാ കരുതലും ഇടത് മുന്നണി എടുത്തിട്ടുണ്ടായിരുന്നു. എൻ സി പിയുമായി അകൽച്ചയില്ലെന്നും മുന്നണിയിൽ ചർച്ച ചെയ്യേണ്ട തലത്തിൽ പ്രശ്‌നങ്ങളില്ലെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ഇരട്ടി സീറ്റുകൾ നേടുമെന്നായിരുന്നു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശപ്പെട്ടത്. വോട്ടെണ്ണുമ്പോൾ ഇരുമുന്നണികൾക്കും നഷ്‌ടമുണ്ടാകും. പരമ്പരാഗത ഹിന്ദു-ക്രിസ്‌ത്യൻ വോട്ടർമാർ യു ഡി എഫിനെ കൈവിടുമെന്നും തിരുവനന്തപുരം നഗരസഭയിൽ ബി ജെ പിക്ക് ഭരണം ഉറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് യു ഡി എഫ്, എൽ ഡി എഫ്, മുസ്ലീം സംഘടനാ ധാരണയാണ് ഉളളത്. ഈ ധാരണയെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുളള തയ്യാറെടുപ്പുകൾ ബി ജെ പി നടത്തിയിട്ടുണ്ട്. ക്രോസ് വോട്ടിംഗ് മറികടന്ന് ബി ജെ പി വിജയം നേടും. 2015ലെ കണക്കുകൾ വച്ച് നോക്കുമ്പോൾ എൽ ഡി എഫിനും യു ഡി എഫിനും വലിയ കുറവുണ്ടാകുമെന്നും ബി ജെ പി നേട്ടം കൊയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം ജില്ലകളിലും യു ഡി എഫ് നേട്ടം ഉണ്ടാക്കുമെന്നായിരുന്നു യു ഡി എഫ് കൺവീനർ എം എം ഹസന്റെ പ്രതികരണം. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് പറഞ്ഞ എം എം ഹസൻ, വെൽഫയർ പാർട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്കു മാത്രമാണുളളതെന്നും വ്യക്തമാക്കി.

കോട്ടയത്ത് നേരത്തെ ഉണ്ടായിരുന്ന ആധിപത്യം യു ഡി എഫിന് ഉണ്ടാകുമെന്നതിൽ സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആർക്കാണ് ക്ഷീണം ഉണ്ടാകാൻ പോകുന്നത് എന്ന് പതിനാറിന് ഉച്ച കഴിഞ്ഞ് പറയാം. മുഖ്യമന്ത്രി കണ്ണടച്ച് രവീന്ദ്രനെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിക്ക് അതിര് കടന്ന ആത്മവിശ്വാസമാണുളളത്. പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇതുപോലെ ആയിരുന്നുവെന്ന് ഹസൻ ചൂണ്ടിക്കാട്ടി.