marry-briefcase

മോസ്‌കോ: പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങൾ മാത്രമല്ല സ്വവർഗ വിവാഹങ്ങളും ലോകത്ത് നടക്കുന്നുണ്ട്. ഇവ കൂടാതെ ജീവനില്ലാത്ത വസ്തുക്കളെ വിവാഹം ചെയ്തുവെന്നുള്ള ചില കൗതുകകരമായ വാർത്തകളും നമ്മൾ ഇടയ്ക്ക് കേൾക്കാറുണ്ട്. അത്തരത്തിൽ വിചിത്രമായ ഒരു വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മോസ്‌കോ സ്വദേശിയായ റെയിന്റെ വിവാഹ വാർത്തയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. ഗിദെയോൻ എന്ന് പേരിട്ടിരിക്കുന്ന ഒരു ബ്രീഫ്‌കേസിനെയാണ് യുവതി വരനായി സ്വീകരിച്ചിരിക്കുന്നത്. മുമ്പ് തനിക്ക് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും, എല്ലായ്‌പ്പോഴും ആളുകളേക്കാൾ കൂടുതൽ വസ്തുക്കളിൽ ആയിരുന്നു താൻ ആകൃഷ്ടയായിരുന്നതെന്ന് ഇരുപത്തിനാലുകാരി പറയുന്നു.

ബ്രീഫ്‌കേസ് ഉപയോഗിച്ചപ്പോൾ റൊമാന്റിക് ആയി കാര്യങ്ങൾ നടക്കുന്നുവെന്നും, അതിനാൽ ഭർത്താവായി സ്വീകരിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. 2015 ഓഗസ്റ്റിൽ ഒരു ഹാർഡ്‌വെയർ സ്റ്റോറിൽവച്ചാണ് താൻ ഗിദിയോനെ ആദ്യമായി കണ്ടതെന്ന് റെയിൻ പറയുന്നു. ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായെന്നും യുവതി കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യമായിരുന്നു റെയിന്റെ വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിര്‍ജീവ വസ്തുക്കളോട് പ്രണയം തോന്നുന്ന അവസ്ഥയാണ് ഒബ്ജക്ടോഫീലിയ. ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന ഇത്തരം ആകര്‍ഷണം ലോകത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇത് വിവാഹത്തിലേക്ക് നീങ്ങുന്നത് വളരെ അപൂർവമാണ്.