rajanikanth

ചെന്നൈ: നടൻ രജനീകാന്തിന്റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. മക്കൾ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റർ ചെയ്‌തത്. പാർട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.

നേരത്തെ മക്കൾ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമാണ് പാർട്ടിക്കായി സ്റ്റൈൽ മന്നൻ പരിഗണിച്ചിരുന്നത്. എന്നാൽ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. അതേസമയം, പാർട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ, പാർട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ഈ മാസം ആദ്യമാണ് രജനികാന്ത് പ്രഖ്യാപിച്ചത്. ആരാധക കൂട്ടായ്‌മയായ രജനി മക്കൾ മൻട്രവുമായുളള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഡിസംബർ 31ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയിൽ പുതിയ പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്നും സൂപ്പർ സ്റ്റാർ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട്.